Home Featured 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം: പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ

24 മണിക്കൂറിനിടെ രണ്ട് കൊലപാതകം: പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ

പാലക്കാട്: കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 20 ന് വൈകീട്ട് ആറ് മണി വരെയാണ് നിരോധനാജ്ഞ. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് ഉത്തരവ്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം  പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.

ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

ക്രമസമാധാനം ഉറപ്പാക്കാൻ, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. അതേസമയം സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാടേക്കും. എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

ശ്രീനിവാസന്റെ തലയിലേറ്റത് മൂന്ന് വെട്ടുകൾ

പാലക്കാട്: പാലക്കാട് മേലാമുറിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി.

ശ്രീനിവാസൻ ആക്രമിക്കപ്പെട്ട, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്. ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേർ വാഹനങ്ങളിൽ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തിൽ കയറിയതോടെ സംഘം മടങ്ങി. ജനം ആക്രമണത്തിന്റെ ഞെട്ടലിൽ പരിഭ്രാന്തിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമം വ്യാപിക്കാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമാകുമോയെന്ന് വരും മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group