ന്യുയോർക്ക്: ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ ബോർഡിൽ ചേർന്നിട്ടുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാൾ. എപ്രിൽ 11ന് രാവിലെ ട്വിറ്ററിലൂടെയാണ് കാര്യങ്ങൾക്ക് വിശദികരണവുമായി അഗർവാൾ രംഗത്തെത്തിയത്. ഇലോൺ മസ്ക് അടുത്തിടെ ട്വിറ്ററിൽ 9.2 ശതമാനം ഓഹരികൾ വാങ്ങിയതിനു പിന്നാലെ അദ്ദേഹം ട്വിറ്റർ ബോർഡിൽ ചേരുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
“ഇലോൺ മസ്കിനെ ട്വിറ്റർ ബോർഡിൽ ഉൾപ്പെടുത്തുന്നതുമായി സംബന്ധിച്ച് ഞാനും ബോർഡും നിരവധി ചർച്ചകൾ നടത്തിയിരുന്നു. വിഷയത്തെ സംബന്ധിച്ച് മസ്കുമായി നേരിട്ടും ഞങ്ങൾ സംസാരിച്ചിരുന്നു.
അദ്ദേഹത്തെ ബോർഡിൽ ഉൽപ്പെടുത്തുന്നതിലൂടെ കമ്ബനിക്ക് മികച്ച പാതകൾ കണ്ടെത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ഇതിനാലാണ് മസ്ക്കിനെ ബോർഡ് സംഘത്തിൽ നിയമിക്കുമെന്ന് ചൊവ്വാഴ്ച ഞങ്ങൾ പ്രഖ്യാപിച്ചത്.
എന്നാൽ താൻ ബോർഡിൽ ചേരില്ലെന്ന് മസ്ക് അന്ന് രാവിലെതന്നെ ഞങ്ങളെ അറിയിച്ചു. ഇത് മികച്ച തീരുമാനമായാണ് ഞാൻ കണക്കാകുന്നത്. ഇലോൺ മസക് ഞങ്ങളുടെ ഏറ്റവും വലിയ ഓഹരി ഉടമയായി തന്നെ തുടരും. പരാഗ് ട്വിറ്റ് ചെയ്തു.ഏകദേശം 3 ബില്യൺ ഡോളറിനാണ് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി ഇലോൺ മസ്ക് സ്വന്തമാക്കിയത്.