ഓസ്ട്രേലിയ(Australia)യിലെ ബോണ്ടി ബീച്ചി(Bondi beach) -ൽ ഒഴുകിയെത്തിയ ഒരു അസാധാരണ ജീവിയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.സാമൂഹികമാധ്യമങ്ങളിലെ ഇതിന്റെ വീഡിയോനിരവധിപ്പേരെയാണ് ആശയക്കുഴപ്പത്തിലാക്കിയത്.
പലരും പലതരം അഭിപ്രായങ്ങളുമായി എത്തുകയും ചെയ്തു. ‘സ്റ്റോറിഫുളി’ന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ അഞ്ചിന് ഒരു ജോഗിംഗിനിടെയാണ് ഡ്ര ലാംബെർട്ട് എന്നയാൾ ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിന്റെ തീരത്ത് ഒഴുകിയെത്തിയ വിചിത്ര രൂപത്തിലുള്ള ഈ ജീവിയെ കണ്ടത്.
ലാംബെർട്ട് ഇതിന്റെ ഒരു വീഡിയോ എടുക്കുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ‘ബോണ്ടി ബീച്ചിൽ ഇന്ന് ഒഴുകിയെത്തിയ വിചിത്രവും അന്യ ഗ്രഹജീവിയെ പോലുള്ളതുമായ ഈ ജീവിയെ ആർക്കെങ്കിലും അറിയാമോ’ എന്ന് ചോദിക്കുകയുമായിരുന്നു.
മനുഷ്യന്റേത് പോലുള്ള ചുണ്ടുകളും സ്രാവിനെപ്പോലെ തൊലിയുമായി ഒന്നരമീറ്റർ നീളമുള്ള ഈ ജീവിയെ കുറിച്ച്കടൽത്തീരത്തുണ്ടായിരുന്നവരും സംസാരിച്ചു.
‘ഞാൻ 20 വർഷമായി ബോണ്ടിയിൽ താമസിക്കുന്നു. ഇങ്ങനെ ഒരു ജീവിയെ ഞാനിത് വരെ കണ്ടിട്ടില്ല’എന്നും ലാംബെർട്ട് പറയുന്നു. ഈ ജീവിക്ക് മനുഷ്യരുടേത് പോലുള്ള ചുണ്ടുകളുണ്ട് എന്നും അത് ഒരു ചുംബനത്തിന് ആഗ്രഹിക്കുന്നതായി തോന്നി എന്നും ലാംബെർട്ട് യാഹൂ ന്യൂസിനോട് പറഞ്ഞു.
ആദ്യം ലാംബെർട്ട് കരുതിയിരുന്നത് അതൊരു സ്രാവാണ് എന്നാണ്. എന്നാൽ, ഉടനെ തന്നെ അതല്ല എന്ന് മനസിലാവുകയായിരുന്നു. എന്നാൽ, ഇത് ഏതോ വിചിത്രജീവിയാണ് എന്നൊന്നും മിക്ക നെറ്റിസൺസിനും അഭിപ്രായമില്ല. അത് ഏതിന്റെയെങ്കിലും വാലും ചിറകും നഷ്ടപ്പെട്ടതായിരിക്കാം എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
ഏതായാലും ഇത് ആദ്യമായിട്ടൊന്നുമല്ല ഇങ്ങനെ വിചിത്രരൂപത്തിലുള്ള ജീവികൾ തീരത്തടിയുന്നത്.