Home Featured ജുന്‍ജുന്‍വാലയുടെ ഈ കേരളാ ഓഹരി ബ്രേക്കൗട്ടിന്റെ വക്കില്‍; ഇപ്പോള്‍ പിടിച്ചാല്‍ കീശ നിറയ്ക്കാം

ജുന്‍ജുന്‍വാലയുടെ ഈ കേരളാ ഓഹരി ബ്രേക്കൗട്ടിന്റെ വക്കില്‍; ഇപ്പോള്‍ പിടിച്ചാല്‍ കീശ നിറയ്ക്കാം

ഇന്ത്യയിലെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായക്കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ ബിഗ് ബുള്‍ എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇത്തരത്തില്‍ രാകേഷിന് പങ്കാളിത്തമുള്ളതും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു മിഡ് കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് ശുപാര്‍ശ ചെയ്ത് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ രംഗത്തെത്തി.

ഫെഡറല്‍ ബാങ്ക്

കെരളത്തിലെ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. നിലവില്‍ 1.12 കോടി ഉപഭോക്താക്കളും 1,291 ശാഖകളും 1,447 എ.ടി.എമ്മുകളും ബാങ്കിന് സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ശാഖകളുണ്ട്. മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും ഫെഡറല്‍ ബാങ്ക് കരസ്ഥമാക്കിയിരിക്കുന്നു. ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ഫിന പ്രാഥമിക ഓഹരി വില്‍പയ്ക്കുള്ള അനുമതി തേടി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സാമ്പത്തികം

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫെഡറല്‍ ബാങ്കിന്റെ വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും അറ്റാദായത്തിലും ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ ബാങ്കിന്റെ വരുമാനം 1,634 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 7 ശതമാനം വര്‍ധന രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ അറ്റാദായം 540 കോടി രൂപയിലേക്കും ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29 ശതമാനം വര്‍ധനവാണ്. ആദ്യമായാണ് ബാങ്കിന്റെ ത്രൈമാസ ലാഭം 500 കോടി കവിയുന്നത്. അതേസമയം, പ്രതിയോഹരി വരുമാനം 2.10 രൂപയില്‍ നിന്നും 2.57-ലേക്കും മെച്ചപ്പെട്ടു.

ഓഹരി വിശദാംശം

നിലവില്‍ ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം 20,773 കോടിയാണ്. ആകെ ഓഹരികളില്‍ 31.55 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും 25.92 ശതമാനം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെയും 42.54 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും കൈവശമാണുള്ളത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.71 ശതമാനമാണ്. സ്വകാര്യ ബാങ്കിംഗ് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 30.75 ആയിരിക്കുമ്പോള്‍ ഫെഡറല്‍ ബാങ്കിന്റേത് 10.83 നിരക്കിലാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 83.85 രൂപയാണ്.

രാകേഷ് ജുന്‍ജുന്‍വാല

ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ലഭ്യമായ രേഖകള്‍ പ്രകാരം വന്‍കിട നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും ഫെഡറല്‍ ബാങ്കില്‍ (BSE: 500469, NSE: FEDERALBNK) നിക്ഷേപമുണ്ട്. രാകേഷിന് 5,47,21,060 ഓഹരികളാണ് കൈവശമുള്ളത്. ഇത് ആകെ ഓഹരിയുടെ 2.64 ശതമാനം വിഹിതമാണ്. അതേസമയം രേഖയുടെ പക്കല്‍ 2,10,00,000 ഓഹരികളാണ് ഉള്ളത്. ഇത് ആകെ ഓഹരിയുടെ 1.01 ശതമാനം വിഹിതമാണ്.

ലക്ഷ്യ വില 110- 120

വ്യാഴാഴ്ച രാവിലെ 98 രൂപ നിലവാരത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിക്ക് 95 നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ടുണ്ട്. അതേസമയം 102 നിലവാരത്തില്‍ പ്രതിരോധവും നേരിടുന്നു. ഇത് ക്ലോസിങ് അടിസ്ഥാനത്തില്‍ മറികടന്നാല്‍ ഓഹരിക്ക് 110 മുതല്‍ 115 രൂപയിലേക്ക് കുതിക്കാമെന്ന് ചോയിസ് ബ്രോക്കിങ്ങിന്റെ സുമീത് ബഗഡിയ വ്യക്തമാക്കി. 106 കടന്നു കിട്ടിയാല്‍ 120 നിലവാരത്തിലേക്ക് ഓഹരി കയറുമെന്നാണ് ആനന്ദ് രാത്തിയിലെ മെഹുല്‍ കോത്താരി സൂചിപ്പിച്ചത്. അതേസമയം, കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 107.65 രൂപയും കുറഞ്ഞ വില 70.20 രൂപയുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group