ബെംഗളൂരു: സമൂഹത്തിലെ മതസൗഹാർദത്തെ പ്രതികൂലമായി ബാധിച്ച ഹിജാബ്, ഹലാൽ, ബാങ്ക് വിളി തുടങ്ങിയ വിവാദങ്ങൾക്കിടയിൽ, ചാമരാജനഗർ താലൂക്കിലെ ചിക്കഹോളെ അണക്കെട്ടിന് സമീപം ഒരു മുസ്ലീം വ്യക്തിയുടെ മഹത്തായ സമാധാന സന്ദേശമാണിപ്പോൾ പ്രചരിപ്പിക്കുന്നത്.
ജലവിഭവ വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പി റഹ്മാൻ അവിടെ ഗണേശ ക്ഷേത്രം പണികഴിപ്പിച്ചു കൂടാതെ നിത്യപൂജകൾ നടത്തുന്നതിന് ഒരു പൂജാരിയെപോലും മാസക്കൂലിക്ക് അദ്ദേഹം അവിടെ നിയോഗിച്ചിട്ടുണ്ട്.റഹ്മാൻ ഇപ്പോൾ സുവർണവതി, ചിക്കഹോളെ ഡാമുകളിൽ ഗേറ്റ് ഓപ്പറേറ്ററായിട്ടാണ് സേവനമനുഷ്ഠിക്കുന്നത്.
എല്ലാ തിങ്കൾ, വെള്ളി ദിവസങ്ങളിലും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുകയും ഗ്രാമവാസികൾ അതിൽ പങ്കെടുക്കുകയും ചെയ്യുന്നു.2018 ലാണ് ജലവിഭവ വകുപ്പിൽ നിന്ന് റഹ്മാൻ വിരമിച്ചത്. വിരമിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ചിക്കഹോളെ ഡാമിന് സമീപമുള്ള ഒരു പാർക്കിൽ നിന്ന് ഗണേശ പ്രതിമ മോഷണം പോയതായി അദ്ദേഹം പറഞ്ഞു.
അതിൽ അസ്വസ്ഥനായ താൻ താമസിയാതെ ആവർത്തിച്ചുള്ള സ്വപ്നങ്ങൾ കാണാൻ തുടങ്ങിയെന്നും അതിൽ ഒരു ക്ഷേത്രം നിർമ്മിക്കാൻ ദൈവം തന്നോട് പറഞ്ഞെന്നും അങ്ങനെയാണ് താൻ ഗണപതിക്ക് ഒരു ക്ഷേത്രം നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നതുപോലെ, ഹിന്ദുക്കൾ ഈശ്വരനെ ആരാധിക്കുന്നു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും രക്തത്തിന്റെ നിറം ഒരുപോലെയാണ്.
എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് ഞാൻ കരുതുന്നതെന്നും, ഞാൻ വളരെക്കാലമായി ഗണപതിയെ ആരാധിക്കുന്നതിൽ ഞാൻ സന്തോഷവാനാണെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.