Home Featured ഉപദ്രവിച്ചയാൾ ബസിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ ഓടി ആളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് 21 കാരി; മാതൃക

ഉപദ്രവിച്ചയാൾ ബസിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ ഓടി ആളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് 21 കാരി; മാതൃക

കണ്ണൂർ; ബസിൽ വച്ച് തന്നെ ഉപദ്രവിച്ച ആളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിനെ ഏൽപ്പിച്ച് 21 കാരി. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ പിടി ആരതിയാണ് തന്റെ ആത്മധൈര്യം കൊണ്ട് പുതിയ മാതൃക സൃഷ്ടിച്ചത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്ബോഴാണ് ആരതിയ്ക്ക് മോശം അനുഭവമുണ്ടായത്. പ്രതികരിച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി.

എന്നാൽ ഇയാളെ വിടാതെ പിന്തുടർന്ന് പൊലീസിനെഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കരിവെള്ളൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആർടിസി ബസിൽആരതി കയറിയത്. സ്വകാര്യ ബസ് പണിമുടക്കായതിനാൽ ബസിൽ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോൾ ലുങ്കിയും ഷർട്ടും ധരിച്ച ഒരാൾ ആരതിയെ ശല്യം ചെയ്യാൻ തുടങ്ങി. പലതവണ മാറിനിൽക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അയാൾ അനുസരിച്ചില്ല.

അതിനിടെ കണ്ടക്ടറിനോട് കാര്യം പറഞ്ഞപ്പോൾ അയാളോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. എന്നാൽ ഇയാളെ വിടരുതെന്നും പൊലീസിനെ ഏൽപ്പിക്കണമെന്നും ആരതി പറഞ്ഞു. പിങ്ക് പൊലീസിനെ വിളിക്കാനായി ഫോൺ എടുത്തപ്പോഴേക്കും ഇയാൾ ബസിൽ നിന്ന് ഇറങ്ങിഓടി.

ഇയാളെ പിടിക്കാനായി ആരതി പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാൽ പരാതി നൽകുമ്ബോൾ ഒപ്പം ചേർക്കാൻ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവിൽ അയാൾ ഒരു ലോട്ടറി സ്റ്റാളിൽ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തിൽ നിന്നു.

ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേർന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടി തന്റെ അനുഭവം പങ്കുവച്ചത്. നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ തന്നെയാണെന്നും പൊലീസിനെ വിളിക്കാനോ മറ്റ് സുരക്ഷാ മാർഗങ്ങൾ തേടാനോ മടി കാണിക്കരുതെന്നും ആരതി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group