ബംഗളൂരു: ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട നഴ്സിനെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതിയില്‍ നാല് നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍.ഡല്‍ഹി സ്വദേശികളായ രജത്, ശിവാരണ്‍, ദേവ് സരോയ്, യോഗേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.ബംഗളൂരുവില്‍ നീന്തല്‍ പരിശീലനത്തിന് എത്തിയതായിരുന്നു നാലുപേരും.
ഇതിനിടെ ഡേറ്റിങ് ആപ് വഴി രജത് പരിചയപ്പെട്ട യുവതിയെ ഡിന്നറിന് ക്ഷണിച്ചു. ഭക്ഷണശേഷം ഇവരുടെ മുറിയിലെത്തിയപ്പോള്‍ യുവതിയെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് യുവതി മുറിയില്‍നിന്ന് രക്ഷപ്പെട്ടതെന്ന് പരാതിയില്‍ പറഞ്ഞു.
യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കേസെടുത്ത സഞ്ജയ് നഗര്‍ പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് രജതിനെ പിടികൂടിയത്.
മറ്റൊരു പ്രതിയെ ബസവനഗുഡിയില്നിന്നും രണ്ടുപേരെ ചിക്ക്പേട്ടില്നിന്നുമാണ് പിടികൂടിയത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.