ബംഗളൂരു: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍. മൈസൂരു ഹെബ്ബാള്‍ ഇന്‍ഫോസിസ് കാമ്ബസിന് സമീപത്തെ ഗുരുകുല്‍ സ്കൂള്‍ മാനേജര്‍ ഗിരീഷാണ് (40) അറസ്റ്റിലായത്.
ഇവിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.18 വയസ്സില്‍ താഴെയുള്ള നിര്‍ധന പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നല്കുന്ന ഗുരുകുലിന് സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും സ്ഥാപനങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്കൂളില്‍ പുതുതായി ചുമതലയേറ്റ സംഗീത അധ്യാപികയാണ് മാനേജര്‍ കുട്ടികളോട് അപമര്യാദയായി പെരുമാറുന്ന വിവരം ബാലക്ഷേമ സമിതിയെ അറിയിച്ചത്. പരാതിയെ തുടര്‍ന്ന് ബാലക്ഷേമ സമിതി അംഗങ്ങള്‍ സ്കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുത്തു.
ഇതുപ്രകാരം, മാനേജര്‍ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതോടെ പൊലീസില്‍ പരാതി നല്കി. പെണ്‍കുട്ടികളെ ഒബ്സര്‍വേഷന്‍ ഹോമിലേക്കും ബാപ്പുജി ചില്‍ഡ്രന്‍സ് ഹോമിലേക്കും മാറ്റി.