Home Featured രാഷ്ട്രീയ നീക്കമോ ? ; രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ സിദ്ധഗംഗ മഠം സന്ദര്‍ശിക്കും; അമിത് ഷാ പിന്നാലെ…

രാഷ്ട്രീയ നീക്കമോ ? ; രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ സിദ്ധഗംഗ മഠം സന്ദര്‍ശിക്കും; അമിത് ഷാ പിന്നാലെ…

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ സിദ്ധഗംഗ മഠം സന്ദര്‍ശിക്കും.മാര്‍ച്ച്‌ 31 -നാണ് രാഹുലിന്റെ സന്ദര്‍ശനം. തുടര്‍ന്ന് മുന്‍ മഠാധിപതി ശിവകുമാര സ്വാമിയുടെ 115-ാം ജന്മ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കും അദ്ദേഹം പങ്കെടുക്കും.

തുമകൂരുവിലെ പ്രമുഖമായ ലിംഗായത്ത് മഠമാണ് സിദ്ധഗംഗ മഠം.കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. അതേസമയം, ഏപ്രില്‍ ഒന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഇവിടെ എത്തുന്നുണ്ട്.

ഷായുടെ സന്ദര്‍ശനത്തിന് 1 ദിവസം മുന്‍പ് രാഹുല്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ലിംഗായത്ത് സമുദായത്തെ ആകര്‍ഷിക്കാനാണ് ഇരുവരുടേയും പ്രധാന നീക്കം എന്നാണ് വിലയിരുത്തല്‍.നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തും.

തുടര്‍ന്ന് മഠത്തില്‍ എത്തി സ്വാമിജിയുടെ ശവകുടീരമായ ഗദ്ദുഗെ സന്ദര്‍ശിക്കും. ഇവിടെ എത്തുന്ന രാഹുല്‍ മഠത്തില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുമെന്നാണ് വിവരം. കെ പി സി സി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.”ഗാന്ധി കുടുംബവും മഠങ്ങളും തമ്മിലുള്ള വലിയ ബന്ധം ഉണ്ട്. ഇന്ദിരാ ഗാന്ധി ശൃംഗേരിയിലെ ശാരദാ മഠം സന്ദര്‍ശിച്ച്‌ ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ടായിരുന്നു.

രാജീവ് ഗാന്ധിയും ശൃംഗേരിയിലെ ശാരദാ മഠത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു,” കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.അതേസമയം, 2012 ഏപ്രില്‍ 28 – ന് സ്വാമിജിയുടെ 105-ാം ജന്മദിനത്തില്‍ എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധി മുഖ്യാതിഥിയായിരുന്നു.

ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിച്ച മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അന്ന് കെ ജെ പി രൂപീകരിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമാനമായ മെഗാ ഇവന്റിലാണ് അമിത് ഷാ ഇത്തവണ പങ്കെടുക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സും വിവിധ നീക്കങ്ങള്‍ സ്വീകരിക്കും എന്നതില്‍ സംശയമില്ല.ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ബി.ജെ.പി. സ്വന്തമാക്കുന്നതിന് തടയാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം മുന്നില്‍ കണ്ട് നേതാക്കളുടെ ആവശ്യപ്രകാരമാണ് രാഹുല്‍ ലിംഗായത്ത് മഠം സന്ദര്‍ശിക്കുന്നത്. ബെംഗളൂരുവില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും.ഓണ്‍ലൈന്‍ വഴിയാകും ചര്‍ച്ച നടക്കുക.

ഏപ്രില്‍ ഒന്നിന് പാര്‍ട്ടി യോഗം ചേരും. യോഗത്തില്‍ എം.എല്‍.എ.മാര്‍, എം.എല്‍.സി.മാര്‍, മുന്‍ എം.പി.മാര്‍, പാര്‍ട്ടി ഭാരവാഹികള്‍ , കഴിഞ്ഞതവണ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ അംഗത്വ പ്രചാരണത്തില്‍ പങ്കാളികളായവരുമായി രാഹുല്‍ ഓണ്‍ലൈനില്‍ സംസാരിക്കും. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ, സേവാദള്‍ നേതാക്കളുമായും ചര്‍ച്ച നടത്തും എന്നാണ് പുറത്തു വരുന്ന വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group