കണ്ണൂര്‍: മലയാളി മാദ്ധ്യമപ്രവര്‍ത്തകയെ ബംഗളൂരൂവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പെണ്‍കുട്ടിയുടെ കുടുംബം.റോയിട്ടേഴ്സിലെ മാദ്ധ്യമപ്രവര്‍ത്തകയായ ശ്രുതിയെയാണ് മാര്‍ച്ച് 20ന് ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാല് വര്‍ഷം മുമ്ബാണ് കാസര്‍കോട് സ്വദേശി ശ്രുതിയും കണ്ണൂര്‍ സ്വദേശിയും ബംഗളൂരൂവില്‍ സോഫ്ട്വെയര്‍ എഞ്ചിനിയറുമായ അനീഷും വിവാഹിതരായത്.
വിവാഹശേഷം ശ്രുതിയെ മാനസികമായും ശാരീരികമായി അനീഷ് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.പണത്തെ ചൊല്ലിയായിരുന്നു ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാകുന്നത്. ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരില്‍ ശ്രുതിയുടെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സഹോദരന്‍ നിഷാന്ത് പറഞ്ഞു. ദേഷ്യം വരുമ്ബോഴെല്ലാം ശരീരമാസകലം കടിച്ചു മുറിവേല്‍പ്പിച്ചിരുന്നതായും സഹോദരി പറഞ്ഞ് അറിയാമെന്ന് നിഷാന്ത് പറയുന്നു.ശ്രുതിയും ഭര്‍ത്താവ് അനീഷും ബംഗളൂരു നല്ലൂറഹള്ളിയിലുള്ള മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. മരണദിവസം അനീഷ് നാട്ടിലായിരുന്നു. ശ്രുതിയുടെ അമ്മ നാട്ടില്‍ നിന്നും പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ ബംഗളൂരുവില്‍ എഞ്ചിനിയറായ സഹോദരന്‍ നിശാന്തിനോട് കാര്യം പറഞ്ഞു.
തുടര്‍ന്ന് നിശാന്ത് ശ്രുതിയുടെ അപ്പാര്‍ട്ടിമെന്റിലെ സെക്യൂരിറ്റിയെ ബന്ധപ്പെടുകയായിരുന്നു. സെക്യൂരിറ്റി എത്തിയ സമയത്ത് മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. സംശയം തോന്നി പൊലീസില്‍ അറിയിച്ച് അവരെത്തി വാതില്‍ തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് മരിക്കുന്നതെന്ന കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനീഷിനെതിരെ സ്ത്രീധനപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ബംഗളൂരൂ പൊലീസ് കേസെടുത്തിട്ടുണ്ട്.