ന്യൂഡെല്‍ഹി: പണപ്പെരുപ്പത്തിന്റെ ആഘാതം സാധാരണക്കാരില്‍ വര്‍ധിച്ചുവരികയാണ്. പാല്‍, തേയില, കാപ്പി, മാഗി എന്നിവയ്ക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടാന്‍ പോകുന്നു.
ഗോതമ്ബ്, പാമോയില്‍, പാകേജിംഗ് സാമഗ്രികള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചതിനാല്‍ എഫ്‌എംസിജി (Fast-Moving Consumer Goods – FMCG) കംപനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില കൂട്ടാന്‍ ഒരുങ്ങുകയാണ്.ഇതിനുപുറമെ, റഷ്യ – യുക്രൈന്‍ യുദ്ധം കാരണം ഗോതമ്ബ്, ഭക്ഷ്യ എണ്ണ, ക്രൂഡ് ഓയില്‍ എന്നിവയുടെ വിലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നു
ഡാബര്‍, പാര്‍ലെ തുടങ്ങിയ കംപനികള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പണപ്പെരുപ്പ സമ്മര്‍ദത്തെ നേരിടാന്‍ ശ്രദ്ധാപൂര്‍വം നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുസ്താന്‍ യുനിലിവറും നെസ്‌ലെയും കഴിഞ്ഞയാഴ്ച ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അമൂല്‍ ഉത്പന്നങ്ങള്‍ക്കും ഈയടുത്ത ദിവസങ്ങളില്‍ വില വര്‍ധിപ്പിച്ചിരുന്നു.
വിലയില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി പാര്‍ലെ ഉല്‍പന്നങ്ങളുടെ സീനിയര്‍ കാറ്റഗറി ഹെഡ് മായങ്ക് ഷായെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു. വിലയില്‍ വന്‍ ഏറ്റക്കുറച്ചിലാണുള്ളത് . ഇത്തരമൊരു സാഹചര്യത്തില്‍ വിലക്കയറ്റം എത്രയായിരിക്കുമെന്ന് പറയാന്‍ പ്രയാസമാണ്. ഒരു സമയത്ത് പാമോയില്‍ ലിറ്ററിന് 180 രൂപയായി ഉയര്‍ന്നു. ഇപ്പോള്‍ ലിറ്ററിന് 150 രൂപയായി കുറഞ്ഞു.
അതുപോലെ, ബാരലിന് 140 ഡോളറിലെത്തിയ ശേഷം ക്രൂഡ് ഓയില്‍ വില 100 ഡോളറായി കുറഞ്ഞുവെന്നും എന്നിരുന്നാലും, വിലകള്‍ മുമ്ബത്തേക്കാള്‍ കൂടുതലാണെന്നും ഷാ ചൂണ്ടിക്കാട്ടി. പാര്‍ലെയില്‍ ഇപ്പോള്‍ ആവശ്യത്തിന് സ്റ്റോക് ഉണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനകം വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നും ഇത് തുടര്‍ചയായ രണ്ടാം വര്‍ഷവും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഡാബര്‍ ഇന്‍ഡ്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അങ്കുഷ് ജെയിന്‍ പറഞ്ഞു. ‘പണപ്പെരുപ്പ സമ്മര്‍ദം കാരണം ഉപഭോക്താക്കള്‍ അവരുടെ ചെലവ് കുറച്ചു. അവര്‍ ചെറിയ പൊതികള്‍ വാങ്ങുന്നു. ഞങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഉചിതമായ ആലോചനയ്ക്ക് ശേഷം, പണപ്പെരുപ്പ സമ്മര്‍ദം ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളും’, അദ്ദേഹം അറിയിച്ചു.
പണപ്പെരുപ്പത്തിന്റെ ഭാരം ഉപഭോക്താക്കള്‍ക്ക് മേലെയാകുംഎഫ്‌എംസിജി കംപനികള്‍ പണപ്പെരുപ്പത്തിന്റെ ഭാരം ഉപഭോക്താക്കളുടെ മേല്‍ ചുമത്തുമെന്ന് എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂടീവ് വൈസ് പ്രസിഡന്റ് അബ്നീഷ് റോയ് പറഞ്ഞു. 2022-23 ആദ്യ പാദത്തില്‍ എല്ലാ എഫ്‌എംസിജി കമ്ബനികളും മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് കണക്കാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.