Home Featured നെഞ്ചോടു ചേര്‍ത്തു പിടിക്കും ഈ ബ്ലാസ്റ്റേഴ്‌സിനെ..; പെനാലിറ്റിയില്‍ തട്ടി മൂന്നാമതും കിരീട മോഹങ്ങള്‍ പൊലിഞ്ഞെങ്കിലും കണ്ണീരോടെ പറയുന്നത് ഇങ്ങനെ; കട്ടിമണിയെ മഹാമേരുവായപ്പോള്‍ ഹൈദരാബാദിന് കന്നി ഐഎസ്‌എല്‍ കിരീടവും; കപ്പിനായുള്ള കാത്തിരിപ്പു തുടരാന്‍ കൊമ്ബന്മാര്‍

നെഞ്ചോടു ചേര്‍ത്തു പിടിക്കും ഈ ബ്ലാസ്റ്റേഴ്‌സിനെ..; പെനാലിറ്റിയില്‍ തട്ടി മൂന്നാമതും കിരീട മോഹങ്ങള്‍ പൊലിഞ്ഞെങ്കിലും കണ്ണീരോടെ പറയുന്നത് ഇങ്ങനെ; കട്ടിമണിയെ മഹാമേരുവായപ്പോള്‍ ഹൈദരാബാദിന് കന്നി ഐഎസ്‌എല്‍ കിരീടവും; കപ്പിനായുള്ള കാത്തിരിപ്പു തുടരാന്‍ കൊമ്ബന്മാര്‍

മഡ്ഗാവ്: ഗോവയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആര്‍ത്തിരമ്ബിയ മഞ്ഞപ്പട കണ്ണീരോടെയാണ് മടങ്ങുന്നത്. തങ്ങളുടെ പ്രിയ ടീം മൂന്നാം തവണയും ഐഎസ്‌എല്‍ ഫൈനലില്‍ തോറ്റതിന്റെ നിരാശ അവര്‍ മറച്ചുവെച്ചില്ല. എന്നാല്‍, ഒരേ മനസ്സോടെ അവര്‍ പറയുന്ന് കൈവിടില്ല, നെഞ്ചോട് ചേര്‍ത്തു പിടിക്കും ഈ ബ്ലാസ്റ്റേഴ്‌സിനെ എന്നാണ്. മത്സരത്തില്‍ മുഴുവന്‍ സമയവും മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് മത്സരം അവസാനിക്കാന്‍ 2 മിനിറ്റ് മാത്രം ശേഷിക്കെ വഴങ്ങിയ അപ്രതീക്ഷിത ഗോളാണ് തിരിച്ചടിയായത്.

എക്‌സ്ട്രാ ടൈമിലെ ചടുലമായ നീക്കങ്ങള്‍ ഗോളാക്കാന്‍ സാധിച്ചതുമില്ല. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനു മുന്നില്‍ തലകുനിച്ചു. കട്ടിമാണി എന്ന ഗോള്‍കീപ്പറായിരുന്നു കേരളത്തിന് മുന്നില്‍ മഹാമേരുവായത്. കന്നി കിരീടവുമായി ഹൈദരാബാദ് നാട്ടിലേക്ക് മടങ്ങുമ്ബോള്‍ കപ്പിനായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇനിയും കാത്തിരിക്കണം.

ഷൂട്ടൗട്ടിലെ താരമായി ലക്ഷ്മികാന്ത് കട്ടിമണി

ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയായിരുന്നു ഷൂട്ടൗട്ടിലെ താരം. ആയുഷ് അധികാരിക്ക് മാത്രമാണ് കട്ടിമണിയെ കബളിപ്പിക്കാനായത്. മാര്‍കോ ലെസ്‌കോവിചിന്റെയും നിഷു കുമാറിന്റെയും ജീക്‌സണ്‍ സിങ്ങിന്‍െയും കിക്കുകള്‍ കട്ടിമണി തടുത്തിട്ടപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ സിങ് ഗില്ലിന് ഒരു കിക്ക് പോലും തടുക്കാനായില്ല. അതിനുള്ള അവസരം ഹൈദരാബാദ് താരങ്ങള്‍ നലകിയില്ല എന്നതാവും ശരി. ജാവോ വിക്ടര്‍, കാസി കമാറ, ഹാരിചരണ്‍ നര്‍സാരി എന്നിവര്‍ ഗോളിക്ക് അവസരമൊന്നും നല്‍കാതെയാണ് പെനാല്‍റ്റി വലയിലെത്തിച്ചത്. ഹാവിയര്‍ സവേരിയോയുശട കിക്ക് പുറത്തേക്ക് പറന്നതും ബ്ലാസ്റ്റേഴ്‌സിന് തുണയായില്ല.

ഫറ്റോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മൈതാനത്ത് റഫറി ക്രിസ്റ്റല്‍ ജോണിന്റെ കിക്കോഫ് വിസിലുയര്‍ന്നപ്പോള്‍ ഇരുടീമുകളും സൂക്ഷ്മതയോടെയാണ് പന്തുതട്ടിയത്. കൂടുതല്‍ സമയം പന്ത് കാല്‍വശം വെച്ച്‌ ബ്ലാസ്റ്റേഴ്‌സ് മുന്‍തൂക്കം പുലര്‍ത്തിയെങ്കിലും കാര്യമായ അവസരങ്ങള്‍ തുറക്കാനായില്ല. മധ്യനിരയില്‍ ലൂനയുടെ നേതൃത്വത്തില്‍ പന്ത് നിയന്ത്രിച്ച ബ്ലാസ്റ്റേഴ്‌സ് ധൃതി കാണിക്കാതെയാണ് കളിച്ചത്. മറുവശത്ത് ഹൈദരാബാദിന് പതിവുശൈലിയില്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് അവസരം നല്‍കിയില്ല.

ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ഇരുനിരകള്‍ക്കും അവസരങ്ങളെത്തിയത്. അര്‍ധാവസരത്തില്‍ വാസ്‌ക്വസിന്റെ തകര്‍പ്പന്‍ ഷോട്ട് ഹൈദരാബാദ് ഗോളി കട്ടിമണി നോക്കിനില്‍ക്കെ ബാറിലിടിച്ച്‌ മടങ്ങിയത് അവിശ്വസനീയതയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കണ്ടത്. തൊട്ടുപിറകെ ഹാവിയര്‍ സിവേരിയോയുടെ ഹെഡര്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ സിങ് ഗില്ലിന് നേരെയായിരുന്നു.

ആരാധകരെ ത്രസിപ്പിച്ച്‌ രാഹുലിന്റെ ഗോള്‍

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്‍പിച്ചായിരുന്നു. ആദ്യ പകുതിയിലെ മുന്‍തൂക്കം ഗോളാക്കി മാറ്റണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് വുകോമാനോവിചിന്റെ ടീം ഇറങ്ങിയത്. അതിന് 68ാം മിനിറ്റില്‍ ഫലവുമുണ്ടായി. ആദ്യപകുതിയില്‍ നിറംമങ്ങിയ രാഹുലിന്റെ കാലിലൂടെയാണ് ഗോളെത്തിയത്. ജീക്‌സണ്‍ സിങ്ങില്‍നിന്ന് കിട്ടിയ പന്തുമായി വലതുപാര്‍ശ്വത്തിലൂടെ മുന്നേറിയ രാഹുലിന് ഇരുവശവും വാസ്‌ക്വസും ഡയസുമുണ്ടായിരുന്നു. ഇവരിലേക്ക് പാസ് പോകുമെന്ന പ്രതീക്ഷയില്‍ ഹൈദരാബാദ് ഡിഫന്‍സും ഗോളിയും നില്‍ക്കെ രാഹുല്‍ ഉന്നംവെച്ചത് ഗോള്‍ പോസ്റ്റ്. അത്ര തൂക്കമുള്ള ഷോട്ടല്ലാതിരുന്നിട്ടും കട്ടിമണിക്ക് തട്ടിയകറ്റാനായില്ല. ഫലം ഫൈനലിലെ ആദ്യ ഗോള്‍.

ഒരു ഗോള്‍ നേടിയ ശേഷം ഗോള്‍ വീണ്ടും അടിക്കാന്‍ തുനിയാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനി തിരിച്ചടിയായത്. പിന്നീടുള്ള സമയം ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കണമെന്ന ചിന്തയില്‍ ആക്രമണം മാറ്റിവെക്കാനൊന്നും ബ്ലാസ്റ്റേഴ്‌സ് മുതിര്‍ന്നില്ല. എന്നാല്‍, സമനില ഗോളിനായി ഇരമ്ബിക്കയറിയ ഹൈദരാബാദ് ഏതുനിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു. 76ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഒഗ്‌ബെചെയുടെ കനത്ത ഷോട്ട് വലത്തോട്ട് ചാടിയ ഗില്‍ തട്ടിയകറ്റി. കളി തീരാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചില്‍ തീകോരിയിട്ട് ഹൈദരാബാദിന്റെ ഗോളെത്തി. ലൂസ്ബാളില്‍ പകരക്കാരന്‍ സാഹില്‍ ടവോരയുടെ തകര്‍പ്പന്‍ ഷോട്ട് ഗില്ലിന് അവസരമൊന്നും നല്‍കാതെ വലയിലേക്ക് തൂങ്ങിയിറങ്ങുകയായിരുന്നു.

നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയില്‍ അവസാനിച്ച മത്സരത്തിന്റെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നാണു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പി. മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2ാം കിക്ക്, ജീക്‌സന്‍ സിങ്ങിന്റെ 4ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കാണാനായത്.

പെനല്‍റ്റിയില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കു കൂട്ടത്തോടെ പിഴച്ചപ്പോള്‍ ലക്ഷ്മീകാന്ത് കട്ടിമണിയുടെ ‘സുവര്‍ണ കരങ്ങളാല്‍’ ഹൈദരാബാദ് സിറ്റി എഫ്‌സി കന്നി ഐഎസ്‌എല്‍ കിരീടം ചേര്‍ത്തു പിടിച്ചു.

ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടില്ലെന്ന് മഞ്ഞപ്പട

ഇന്നലെ ഗോവയിലെ സ്‌റ്റേഡിയം മഞ്ഞപ്പടയായിരുന്നു. ടീം കടുംനീല ജഴ്‌സിലിയാണ് കളത്തില്‍ ഇറങ്ങിയതെങ്കിലും മഞ്ഞപ്പട ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആര്‍ത്തുവിളിച്ചു. അവസാനം നരാശയെങ്കിലും അവര്‍ തളരുന്നില്ല. മൂന്നാം വട്ടവും ഐഎസ്‌എല്‍ കിരീടം കയ്യകലത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ സങ്കടം ഉള്ളിലൊതുക്കിയും ആരാധകര്‍ പറഞ്ഞു. ഈ ടീമിനെ ഇട്ടിട്ട് പോകില്ല. സങ്കടം ഉള്ളിലൊതുക്കുമ്ബോഴും അവര്‍ കയ്യടിച്ചു കൊണ്ടേയിരുന്നു. തോല്‍വിയിലും ടീമിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ മത്സരിക്കുകയാണ് മഞ്ഞപ്പട. സ്വപ്ന തുല്യമായിരുന്നു ഫൈനല്‍ വരെയുള്ള യാത്ര. ഇനിയും ഈ ടീം അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ആരാധകര്‍ പറയുന്നു.

11500 ആയിരുന്നു ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെ ഔദ്യോഗിക അറ്റന്‍ഡന്‍സ്. എന്നാല്‍ കേരളത്തിന്റെ ഓരോ ജംക്ഷനുകളിലും ടര്‍ഫുകളിലും മൈതാനങ്ങളിലും ഒന്നിച്ചു കൂടിയവര്‍ ഇതിന്റെ എത്രയിരടട്ടി വരുമെന്നു കണക്കുകള്‍ ഇല്ല. ഒന്നുറപ്പ് കേരളം സംസാരിച്ചു കൊണ്ടിരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക കാണിക്കൂട്ടമായ മഞ്ഞപ്പട 60 സ്‌ക്രീനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കാന്‍ തയ്യാറെടുത്തത്. എന്നാല്‍ കണക്കുകള്‍ ഇതിനപ്പുറത്തേക്ക് നീങ്ങി. കൂട്ടായ്മകള്‍, സംഘടനകള്‍, യുവജന ക്ലബുകള്‍ തുടങ്ങി വിവിധ ഗ്രൂപ്പുകള്‍ കൂടി സ്‌ക്രീനിങ് ഏറ്റെടുത്തതോടെ കേരളത്തില്‍ എല്ലായിടത്തും ഫുട്‌ബോള്‍ നിറഞ്ഞു നിന്നു. മഞ്ഞ ജഴ്‌സികള്‍ വ്യാപകമായി വാങ്ങിച്ചു കൂട്ടിയതോടെ മഞ്ഞക്കടലായി ഓരോ സ്ഥലവും മാറി. ഒരു ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനു വേണ്ടി ഇത്രയധികം സന്നാഹം കേരളത്തില്‍ ആദ്യമാണെന്ന് പറയാം. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ടെങ്കിലും ഒരു ക്ലബിന് വേണ്ടി ഇതാദ്യം.

‘രാവിലെ തന്നെ ഗോവയിലെ ഗ്രൗണ്ടിനു മുന്നില്‍ എത്തി. ഇവിടെയെല്ലാം കേരളത്തില്‍ നിന്നുള്ളവര്‍ മാത്രം’. കൊച്ചിയില്‍ നിന്ന് ഫൈനല്‍ കാണാന്‍ ഗോവയില്‍ എത്തിയ മഞ്ഞപ്പട അംഗം സോമു പി.ജോസഫ് പറയുന്നു. ബാനറുകളും കൊടികളും എല്ലാം നാട്ടില്‍ നിന്ന് കൊണ്ടു വന്നു. ഒപ്പമുണ്ട് ഞങ്ങള്‍ എന്ന മുദ്രാവാക്യമായിരുന്നു പ്രധാനം. 

You may also like

error: Content is protected !!
Join Our WhatsApp Group