
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കിരീടം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട ആരാധകര്‍. ഗോവയില്‍ രാത്രി നടക്കുന്ന കലാശപ്പോരില്‍ ശക്തരായ ഹൈദരാബാദ് എഫ്‌സിയാണ് (Hyderabad FC) എതിരാളികള്‍. ആര് ജയിച്ചാലും ടീമിന് കന്നിക്കിരീടമായിരിക്കും. ഇതിന് മുമ്പ് ഐഎസ്എല്ലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള (HFC vs KBFC) ചരിത്രം പരിശോധിക്കാം.
ഐഎസ്എല്ലില്‍ ഇരു ടീമുകളും ആറ് മത്സരങ്ങളിലാണ് ഇതുവരെ മുഖാമുഖം വന്നിട്ടുള്ളത്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു കൂട്ടരും ജയിച്ചു. പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ ഈ സീസണില്‍ ഓരോ ജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനും ഹൈദരാബാദിനുമുള്ളത്. ഹൈദരാബാദ് നിരയില്‍ ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ 19 മത്സരങ്ങളില്‍ 18 ഗോളുകളുമായി സീസണില്‍ ലീഡ് ചെയ്യുന്നു. 21 കളിയില്‍ എട്ട് തവണ വല ചലിപ്പിച്ച ആല്‍വാരോ വാസ്‌ക്വസാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ടോപ് സ്‌കോറര്‍. ഹൈദരാബാദിന്‍റെ ലക്ഷ്‌മികാന്ത് കട്ടിമണി 20 മത്സരങ്ങളില്‍ 3 ക്ലീന്‍ ഷീറ്റ്‌സ് നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രഭ്‌സുഖാന്‍ ഗില്ലിന് 19 കളികളില്‍ 6 എണ്ണമുണ്ട്. അതേസമയം കട്ടിമണിക്ക് 58 സേവുകളെങ്കില്‍ ഗില്ലിന് 42.
കിക്കോഫ് 7.30ന്; ഗോവ മഞ്ഞക്കടലാവും
കന്നിക്കിരീടം കേരളത്തിലെത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മത്സരത്തിന് മുമ്പ് പരിക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിര്‍ണായക സമയത്ത് രണ്ട് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ മുഖ്യപങ്കുവഹിച്ച അഡ്രിയാന്‍ ലൂണയും സഹല്‍ അബ്‌ദുല്‍ സമദും. ഇരുവരും കളിക്കുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം തുടരുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ കുപ്പായം ധരിക്കാം.