കൊച്ചി: അംഗനവാടികളില്‍ വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ അംഗനവാടികളില്‍ നിന്നുള്ള അമൃതം പൊടി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. നിലവില്‍ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വരുന്നത് വരെ വിതരണം നിര്‍ത്തിവയ്ക്കാനും പരാതിയുണ്ടായ ബാച്ചില്‍ ഉള്‍പ്പെട്ട പാക്കറ്റുകളില്‍ വിതരണം ചെയ്തവ തിരിച്ചെടുക്കണമെന്നും ആണ് നിര്‍ദേശിച്ചിരിക്കുന്നത്. എ ഡി എം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഐ സി ഡി എസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
എല്ലാ അമൃതം പൊടി നിര്‍മാണ യൂണിറ്റുകളിലും പരിശോധന നടത്തി സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ ഫലം വേഗത്തിലാക്കാന്‍ കാക്കനാട്ടെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബ് അധികൃതരോടും നിര്‍ദേശിച്ചിട്ടുണ്ട്. അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍, എടയ്ക്കാട്ടുവയലിലെ യൂണിറ്റില്‍ ഉല്‍പാദിപ്പിച്ച അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുന്ന അഫ്‌ലോടോക്‌സിന്‍ ബി 1 എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അംഗനവാടികളിലാണ് എടയ്ക്കാട്ട് വയല്‍ യൂണിറ്റില്‍ നിര്‍മിച്ച ബാച്ച് നമ്പര്‍ 98 ല്‍ ഉള്‍പ്പെട്ട അമൃതം പൊടി വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്.
ഇവിടെ ഉല്‍പാദിപ്പിച്ച 2000 കിലോ അമൃതം പൊടി വിതരണത്തിന് നല്‍കിയിട്ടില്ല. അമൃതം പൊടി നിര്‍മിക്കാന്‍ ഉപയോഗിച്ച നിലക്കടലയിലെ ഫംഗസില്‍ നിന്നു വിഷ വസ്തു ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം. അമൃതം പൊടിക്കായി ഉപയോഗിച്ച ധാന്യങ്ങളുടെ സാംപിളുകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതേസമയം അമൃതം പൊടി നിര്‍മാണ യൂണിറ്റുകളില്‍ ഉടന്‍ തന്നെ പരിശോധന തുടങ്ങുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍ പി മുരളി അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമൃതം പൊടി ഉല്‍പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതായും ഗുണ നിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉല്‍പാദനം തുടരുകയുള്ളൂവെന്നും കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് രഞ്ജിനിയും വ്യക്തമാക്കി.