
ബെംഗളൂരു: ബൈക്ക് ടാക്സിയായി സ്വകാര്യ ബൈക്കുകൾ ഉപയോഗിക്കരുതെന്ന് സംസ്ഥാന ഗതാഗത വകുപ്പ്. പൊതു ജനങ്ങൾ ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നിരവധി ബൈക്ക് ടാക്സികൾ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ ആപ് വഴിയാണ് ഇവയുടെ പ്രവർത്തനം. എന്നാൽ ചിലർ തങ്ങളുടെ സ്വകാര്യ ബൈക്കുകൾ ആപിൽ രജിസ്റ്റർ ചെയ്യുകയും ടാക്സികളായി ഓടിക്കുകയും ചെയ്ത സംഭവങ്ങൾ കണ്ടെത്തിയതോടെയാണ് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
ഇരുചക്രവാഹനങ്ങൾ സർവീസ് നടത്തുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നതായി ഓട്ടോ, ടാക്സി ഡ്രൈവർമാരും ഗതാഗത വകുപ്പിനോട് പരാതിപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള അനധികൃത ബൈക്ക് ടാക്സികൾ പിടിച്ചെടുക്കാനുള്ള നടപടികളും സംസ്ഥാന ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്.