കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നാലു ചോദ്യങ്ങളും അതിനുള്ള മറുപടിയുമായാണ് ഹൈകോടതി വിശാലബെഞ്ച് അന്തിമ വിധി പുറത്തിറക്കിയത്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25ന് കീഴില്‍ സംരക്ഷണം ഉറപ്പാക്കുന്ന തരത്തില്‍ ഇസ്ലാം വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അവിഭാജ്യമായ മതാചാരമാണോ?, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂനിഫോം ഏര്‍പ്പെടുത്തിയത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1), ആര്‍ട്ടിക്കിള്‍ 21 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ?, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തികൊണ്ട് യൂനിഫോം നിര്‍ബന്ധമാക്കിയുള്ള ഫെബ്രുവരി അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ ലംഘനമാണോ?, ശിരോവസ്ത്ര വിലക്കേര്‍പ്പെടുത്തിയതില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഉഡുപ്പി പി.യു വനിത കോളജിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമോ? എന്നീ നാലു ചോദ്യങ്ങള്‍ക്കാണ് ഉത്തരവില്‍ ഹൈകോടതി മറുപടി നല്‍കിയത്.
ഇസ്ലാം മതാചാര പ്രകാരം മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് അവിഭാജ്യമല്ലെന്നും അതിനാല്‍ ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ വകുപ്പ് 25 പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ കീഴില്‍ വരുന്നില്ലെന്നുമാണ് ആദ്യ ചോദ്യത്തിനുള്ള ഹൈകോടതിയുടെ നിരീക്ഷണം.
2019ല്‍ പുനഃപ്രസിദ്ധീകരിച്ച അബ്ദുല്ല യൂസുഫ് അലിയുടെ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണവും ആധാരമാക്കിയാണ് ഹിജാബ് മതാചാരപ്രകാരം അവിഭാജ്യഘടകമല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചത്. മതത്തില്‍ ഒന്നും അടിച്ചേല്പിക്കരുതെന്ന ഖുര്‍ആനിലെ വാക്യവും ഹൈകോടതി ഉദ്ധരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂനിഫോം ഏര്‍പ്പെടുത്തിയത് ഭരണഘടനാപരമായി അനുവദിക്കുന്ന ന്യായമായ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും അതിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാകില്ലെന്നും ഇതില്‍ മൗലികാവകാശ ലംഘനമില്ലെന്നുമായിരുന്നു രണ്ടാമത്തെ ചോദ്യത്തിനുള്ള ഹൈകോടതിയുടെ നിഗമനം. യൂനിഫോം ഏര്‍പ്പെടുത്തുന്നതില്‍ ഭരണഘടന ലംഘനമില്ലാത്തതിനാല്‍ യൂനിഫോം സംബന്ധിച്ച് സര്‍ക്കാറിന് ഉത്തരവിറക്കാന്‍ അധികാരമുണ്ടെന്നായിരുന്നു മൂന്നാമത്തെ ചോദ്യത്തിനുള്ള ഹൈകോടതിയുടെ വിശദീകരണം. 1983ലെ കര്‍ണാടക വിദ്യാഭ്യാസ നിയമ പ്രകാരം സ്കൂളുകളിലും പ്രീ യൂനിവേഴ്സിറ്റി കോളജുകളിലും യൂനിഫോം ധരിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരി അഞ്ചിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ നിയമസാധുതയാണ് ഇതോടെ ഹൈകോടതി ശരിവെച്ചത്.
നാലാമതായി ഹിജാബ് വിലക്കേര്‍പ്പെടുത്തിയതില്‍ ഉഡുപ്പി പി.യു വനിത കോളജിലെ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം തള്ളുകയാണെന്നും ഹൈകോടതി വ്യക്തമാക്കി. അതേസമയം, ഹൈകോടതി വിധിയില്‍ നിരാശയുണ്ടെന്നും വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നുമാണ് വിലക്കിനെതിരെ ഹരജി നല്കിയ ഉഡുപ്പി ഗവ. പി.യു കോളജിലെ വിദ്യാര്‍ഥികളുടെ പ്രതികരണം. ഹിജാബ് മതാചാരപ്രകാരം അവിഭാജ്യമാണെന്നും അതില്ലാതെ കോളജില്‍ പോകില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി നിയമ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
വിവാദത്തിന് പിന്നില്‍ അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് കോടതി
കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നില്‍ അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് ഹൈകോടതി. ഹിജാബ് വിലക്കിനെതിരായ ഹരജികള്‍ തള്ളിക്കൊണ്ടുള്ള അന്തിമ ഉത്തരവിന്റെ അവസാന ഭാഗത്താണ് സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണെന്ന തരത്തിലുള്ള നിരീക്ഷണം ഹൈകോടതി നടത്തിയത്. ഉഡുപ്പിയിലെ പി.യു കോളജുകാര്‍ നല്കിയ രേഖയില്‍ 2004 മുതല്‍ അവിടെ ഡ്രസ് കോഡുണ്ടെന്നാണ് പറയുന്നത്. ഉഡുപ്പിയിലെ അഷ്ട മഠ സമ്ബ്രദായത്തിലെ ഉത്സവാഘോഷങ്ങളില്‍ ഇപ്പോഴും മുസ്ലിംകള് പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഇത്തരം കാര്യങ്ങളെല്ലാം നിലനില്‍ക്കെ അധ്യയനവര്‍ഷത്തെ പകുതിയില്‍വെച്ച് പെട്ടെന്നാണ് ഹിജാബ് വിവാദമുണ്ടായതെന്ന് ഹൈകോടതി നിരീക്ഷിച്ചു.
വിവാദം നിയന്ത്രിക്കാന്‍ കഴിയാത്തവിധം ആളിപപ്പടരുകയായിരുന്നു. ഇത്തരത്തില്‍ വിവാദം ആളിക്കത്തിച്ച് സമൂഹത്തിന്റെ ഐക്യം തകര്‍ക്കാന്‍ ചില അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. മതസൗഹാര്‍ദം തകര്‍ക്കാനായി ചിലര്‍ നടത്തിയ ഇത്തരം നീക്കങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല. വിഷയത്തില്‍ പൊലീസ് നല്കിയ മുദ്രവെച്ച കവര്‍ സൂക്ഷ്മമായി പരിശോധിച്ച് തിരിച്ചുകൈമാറിയിട്ടുണ്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഹൈകോടതി വ്യക്തമാക്കി. ഹിജാബ് വിവാദത്തില്‍ കാമ്ബസ് ഫ്രണ്ടിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് സൂചന.
അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി മതപരമായ സ്വാതന്ത്ര്യം ഇന്ത്യയില്‍ സമ്ബൂര്ണമല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. ഭരണഘടനപ്രകാരം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25ല്‍ മതസ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരം നല്‍കുന്നുണ്ട്. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നിലയില്‍ വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യം നല്കിയാല് അത് അച്ചടക്കലംഘനമാകും. അത് കാമ്ബസിലും പിന്നീട് സമൂഹത്തിലും അരക്ഷിതാവസ്ഥയുണ്ടാക്കും.
ഇന്ത്യക്ക് ഔദ്യോഗികമായി ഒരു മതമില്ല. ഒരു മതത്തോടും പ്രത്യേക അനുകമ്ബയും രാജ്യത്തിനില്ല. മതത്തിന്റെ പേരില്‍ വേര്‍തിരിവ് കാണിക്കാത്ത പോസിറ്റിവ് മതേതരത്വമാണ് നമ്മുടേത്. കഴിഞ്ഞ ഡിസംബര്‍ 27ന് ഉഡുപ്പി പി.യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ജനുവരിയില്‍ പ്രതിഷേധം സംസ്ഥാന വ്യാപകമായി. ഹിജാബ് വിലക്കിനെതിരായ ഹരജി ഫെബ്രുവരി ഒമ്ബതിനാണ് ഹൈകോടതി സിംഗ്ള്‍ ബെഞ്ച് വിശാല ബെഞ്ചിന് കൈമാറുന്നത്. തുടര്‍ന്ന് അന്തിമ വിധി വരുന്നതുവരെ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈകോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു.