Home Featured വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാം, ക‍ര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായകവിധി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാം, ക‍ര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായകവിധി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാവില്ലെന്നും കോടതി പറഞ്ഞു. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാർഥിനികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തിൽ ചൊവ്വാഴ്ച മുതൽ 21-വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ, ആഹ്ലാദപ്രകടനങ്ങൾ, കൂടിച്ചേരലുകൾ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്ത് ഉത്തരവിൽ വ്യക്തമാക്കി. ധർവാദ്, കൽബുർഗി ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശിവമോഗ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ സ്കൂളുകളും കോളേജുകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കുകയാണ്.

ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ വിധിപറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹർജികൾ വിശാലബെഞ്ചിനു വിടുകയായിരുന്നു.

റംസാൻ കാലത്ത് ഹിജാബ് ധരിക്കാൻ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹർജി പരിഗണിച്ചപ്പോൾ വിദ്യാർഥിനികളുടെ അഭിഭാഷകൻ വിനോദ് കുൽക്കർണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ഹിജാബ് ധരിക്കണമെന്ന് ഖുർ ആനിലില്ലെന്ന വാദത്തെ വിനോദ് കുൽക്കർണി എതിർത്തിരുന്നു. 1400 വർഷം പഴക്കമുള്ള ആചാരമാണ് ഹിജാബ് ധരിക്കലെന്നും അത് സമൂഹത്തിന്റെ പൊതുവ്യവസ്ഥയെയോ ധാർമികതയെയോ ആരോഗ്യത്തെയോ ബാധിക്കുന്നില്ലെന്നും പറഞ്ഞു. ഹിജാബ് നിരോധിച്ചപ്പോഴാണ് പ്രശ്നങ്ങളുണ്ടായതെന്നും അദ്ദേഹം വാദിച്ചിരുന്നു.

ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാൻ നിർബന്ധംപിടിച്ച ആറു വിദ്യാർഥിനികളെ ക്ലാസിൽനിന്നും പുറത്താക്കിയതോടെയായിരുന്നു ഇത്. തുടർന്ന് ഈ വിദ്യാർഥിനികൾ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ കോളേജുകളിൽ യൂണിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് പടർന്നത്. ഇതിനിടെ കാവിഷാൾ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാർഥികളും എത്തിയതോടെ പല കാമ്പസുകളും സംഘർഷത്തിന് വഴിമാറുകയായിരുന്നു.

ഉഡുപ്പി കോളേജിൽ സമരരംഗത്തിറങ്ങിയ ആറുപേരുൾപ്പെടെ ഏഴ് വിദ്യാർഥിനികളാണ് ഹിജാബ് വിലക്കിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹർജികൾ നൽകി. വിലക്കിനെതിരേ വിദ്യാർഥികൾ നൽകിയ ഹർജിയിൽ രണ്ടുദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിൾ ബെഞ്ച് ഹർജി വിശാലബെഞ്ചിലേക്ക് നിർദേശിക്കുകയായിരുന്നു. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീൻ എന്നിവരടങ്ങിയ വിശാലബെഞ്ച് വാദംകേട്ടുതുടങ്ങിയത്.

ഹർജികളിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ യൂണിഫോം നിർബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ വിലക്കി വിശാലബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.

ഹിജാബ് നിരോധം: കേസിന്റെ നാള്‍വഴികള്‍ വിശദമായി വായിക്കാം

You may also like

error: Content is protected !!
Join Our WhatsApp Group