മംഗ്ളുറു: കെട്ട തക്കാളി വഴിയരികില്‍ എറിഞ്ഞതിന് അയല്‍ക്കാരിയെ വെട്ടിക്കൊന്നെന്ന കേസില്‍ മധ്യവയസ്കനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു.മൈസൂറു ജില്ലയിലെ ശിവരാജ് (57), മകന്‍ ഗിരീഷ് (29)എന്നിവരെ തമിഴ്നാട് ധര്‍മപുരിയില്‍ നിന്നാണ് ഉദയഗിരി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ക്യാത്തമറഹള്ളി വിനായക റോഡില്‍ അയല്‍പക്കത്ത് താമസിക്കുന്ന വിജയകുമാറിന്റെ ഭാര്യ സുനിതയെ (30) ഇരുവരും ചേര്‍ന്ന് കൊന്നെന്നാണ് കേസ്.പൊലീസ് പറയുന്നതിങ്ങനെ: ‘സംഭവശേഷം ബെംഗ്ളൂറിലും കൂടുതല്‍ ദിവസങ്ങള്‍ കേരളത്തില്‍ പലഭാഗത്തും കഴിഞ്ഞ അച്ഛനും മകനും കര്‍ണാടക ചാമരാജ നഗറില്‍ തിരിച്ചെത്തി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. അക്രമം തടുക്കാന്‍ ശ്രമിച്ച സുനിതയുടെ മാതാവ് ഭാരതിക്ക് പരുക്കേറ്റിരുന്നു. ഭാരതി തെരുവിലും വീടിനോട് ചേര്‍ന്ന കടയിലും തക്കാളി വില്‍പ്പന നടത്തുന്നുണ്ട്. റോഡിന് ഇരുവശത്ത് അഭിമുഖമായാണ് പ്രതികളുടേയും അക്രമത്തിന് ഇരയായവരുടേയും വീടുകള്‍. കേടായ തക്കാളി റോഡില്‍ വലിച്ചെറിയുന്നതിനെച്ചൊല്ലിയുള്ള വഴക്കിനിടെ ശിവരാജ് മകനെ പ്രകോപിപ്പിക്കുകയായിരുന്നു. നീളമുള്ള വടിവാള്‍ ഉപയോഗിച്ചാണ് ഇരുവരും അക്രമിച്ചത്’.ഇന്‍സ്പെക്ടര്‍ പി കെ രാജു, എസ് ഐമാരായ സുനില്‍, നാഗരാജ് നായക്, കോണ്‍സ്റ്റബിള്‍മാരായ ശങ്കര്‍, സിദ്ദീഖ് അഹ്‌മദ്, സോമശേഖര്‍, പുട്ടരാജു, ഗോപാല്‍, ആനന്ദ്, റാതോഡ്, മോഹന്‍കുമാര്‍, ശിവരാജപ്പ, സമീറ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.