Home Featured കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഉക്രെയ്ന്‍ ബാലന്‍ : ഹൃദയഭേദകം ഈ വീഡിയോ

കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഉക്രെയ്ന്‍ ബാലന്‍ : ഹൃദയഭേദകം ഈ വീഡിയോ

യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത് എപ്പോഴും താഴെക്കിടയിലുള്ളവരെയാണെന്ന് പറയാറുണ്ട്. യുദ്ധം കഴിയുമ്പോള്‍ നേതാക്കന്മാര്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ മക്കളെ കാത്തിരിക്കുന്ന അമ്മമാരും മാതാപിതാക്കളെ കാത്തിരിക്കുന്ന കുട്ടികളുമൊക്കെ യുദ്ധത്തിന്റെ ബാക്കി പത്രങ്ങളാകും.ഇതുവരെ സ്വന്തമാക്കിയതും പ്രിയപ്പെട്ടതുമായ എല്ലാമുപേക്ഷിച്ച് തിരിച്ചിനി എന്ന് എന്നറിയാതെ അഭയാര്‍ഥികളായി മറ്റൊരു രാജ്യത്ത് തുടരേണ്ടി വരിക എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് ഉക്രെയ്ന്‍ ജനത കടന്ന് പോകുന്നത്. മക്കളെ പറഞ്ഞയയ്ക്കുന്ന അമ്മമാരും സഹോദരങ്ങളെ പിരിയേണ്ടി വരുന്ന കുട്ടികളുടേതുമൊക്കെയായി അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള പല കാഴ്ചകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയെ ഈറനണിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഒരു ബാലന്റെ ഹൃദയഭേദകമായ വീഡിയോയാണ് കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തുന്നത്.

ഹൃദയം പൊട്ടി കരയുന്ന കുട്ടി തന്റെ സാധനങ്ങള്‍ ബാഗിലാക്കി വലിച്ചിഴയ്ക്കുന്നതാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പങ്ക് വച്ച വീഡിയോയിലുള്ളത്. ഉക്രെയ്ന്‍ അതിര്‍ത്തിയിലെ പോളിഷ് ഗ്രാമമായ മെഡിസ്‌കയില്‍ നിന്നുള്ളതാണ് വീഡിയോ. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് രക്ഷപെടാന്‍ പോളണ്ടിലേക്ക് പലായനം ചെയ്യുന്ന ഉക്രെയ്‌നിയന്‍കാര്‍ ഈ ഗ്രാമത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

കുട്ടി തന്നെയാണോ സഞ്ചരിക്കുന്നത് അതോ കൂടെ ആരെങ്കിലുമുണ്ടോ എന്ന് വ്യക്തമല്ല. വലിയൊരു ബാഗും തന്റെ പാവയുമെല്ലാമായാണ് അവന്‍ നടക്കുന്നത്. വഴി നീളെ വിതുമ്പുന്നുമുണ്ട്. കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവുന്നില്ല എന്നാണ് വീഡിയോയുടെ താഴെ എല്ലാവരും തന്നെ കമന്റ് ചെയ്യുന്നത്. ചിലര്‍ കുട്ടിയെ അവരുടെ വീടുകളിലേക്ക് കൊണ്ടുവരാമെന്ന് പോലും വാഗ്ദാനം ചെയ്തു. “ചുറ്റുമുള്ള ആളുകള്‍ അവനെ അവഗണിക്കുന്നില്ലെന്നും ഈ കുഞ്ഞ് തനിയെ അല്ല നടക്കുന്നതെന്നും ദയവായി ഒന്ന് പറയൂ. അവനെ എങ്ങനെ എന്റെ വീട്ടിലേക്ക് കൊണ്ട് വരാമെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് തരൂ. തീര്‍ത്തും ഗുരുതരമാണിത്.” ഒരാള്‍ ട്വീറ്റ് ചെയ്തു.റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇതുവരെ പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതെന്നാണ് യുഎന്നിന്റെ കണക്കുകള്‍. ഭൂരിഭാഗം ആളുകളും പോളണ്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ഉക്രെയ്ന്‍ പൗരന്മാരാണ് പോളണ്ടിലുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group