ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.സൗത്ത് ആഫ്രിക്കൻ മുൻ നായകൻ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റൻ. ഡിവില്ലിയേഴ്സിന് പകരം മറ്റൊരു സീനിയർ സൗത്ത് ആഫ്രിക്കൻ താരത്തെ താര ലേലത്തിലൂടെ ടീമിലേക്ക് എത്തിച്ചപ്പോൾ തന്നെ ഡു പ്ലെസിസ് ആയിരിക്കും ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണിൽ റൺവേട്ടയിൽ മുൻപിൽ നിന്ന താരമാണ് പു പ്ലെസിസ്. സൗത്ത് ആഫ്രിക്കയെ ഏറെ നാൾ നയിച്ചതിന്റെ അനുഭവസമ്ബത്തും ഡു പ്ലെസിസിന് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്താൻ തുണച്ചു.
കഴിഞ്ഞ സീസണോടെ വിരാട് കൊഹ്‌ലി ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു. ആർസിബിയെ ഒരുവട്ടം പോലും കിരീടത്തിലേക്ക് നയിക്കാനാവാതെയാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. മൂന്ന് വട്ടമാണ് ബാംഗ്ലൂർ ഐപിഎല്ലിൽ ഫൈനലിൽ കാലിടറി വീണത്.കോഹ് ലിയെ തന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന മുറവിളിയും ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി ഉയർന്നിരുന്നു. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനൊപ്പം സീസണിലേക്കുള്ള പുതിയ ജേഴ്സിയും ബാംഗ്ലൂർ പുറത്തുവിട്ടു.