
മലപ്പുറം: കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മുന്നണി പോരാളിക്ക് കണ്ണീരോടെ യാത്രാമൊഴി. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് ഖബറടക്കി. പാണക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2:30- ഓടെയായിരുന്നു ഖബറടക്കം. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കും ചാരെയാണ് ഇനി ഹൈദരലി തങ്ങള്‍ക്ക് നിത്യവിശ്രമം.
നേരത്തെ പുലര്‍ച്ചെ 9 മണിയോടെയാകും ഖബറടക്കമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ജനപ്രവാഹം തുടര്‍ന്നതോടെ അത് നേരത്തെ ആക്കുകയായിരുന്നു. പാണക്കാട് ജുമാമസ്ജിദില്‍ അവസാന മയ്യിത്ത് നമസ്കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന് മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. പൊലീസ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
മൃതദേഹം പുലര്‍ച്ചെ 12.15 ഓടെ പൊതുദര്‍ശനത്തിന് വെച്ച മലപ്പുറം ടൗണ്‍ഹാളില്‍നിന്നും പാണക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇവിടെനിന്നും ഒരു മണിയോടെ പള്ളിയിലെത്തിച്ച് മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കുകയായിരുന്നു. പൊതുദര്‍ശന സ്ഥലത്ത് രാത്രി 11ന് ശേഷം അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ വളന്റിയര്‍മാരും പൊലീസും ഏറെ പ്രയാസപ്പെട്ടു. പലര്‍ക്കും തിരക്കില്‍പ്പെട്ട് പരിക്കേറ്റു. ഖബറടക്കം നേരത്തെയാക്കിയതോടെ മണിക്കൂറുകള്‍ കാത്തുനിന്ന ആയിരങ്ങള്‍ മൃതദേഹം കാണാനാകാതെ മടങ്ങേണ്ടി വന്നു.
യാത്രാമൊഴിയേകി പ്രമുഖരുടെ നീണ്ടനിര
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് യാത്രാമൊഴി നേരാന്‍ മലപ്പുറത്തെത്തിയത് പ്രമുഖരുടെ നീണ്ട നിര. മത -സാമുദായിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ നേതാക്കള്‍ മലപ്പുറം ടൗണ്‍ഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ രാത്രി ഒമ്ബത് മണിയോടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് മൃതദേഹം മലപ്പുറം കുന്നുമ്മലിലെ ടൗണ്‍ഹാളില്‍ എത്തിച്ചത്. സ്പീക്കര്‍ എം.ബി. രാജേഷ്, മന്ത്രിമാരായ വി. അബ്ദുറഹ്മാന്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എംപിമാരായ ടി.എന്‍. പ്രതാപന്, എംപി. രാഘവന്, എംഎല്‍എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, എന്‍. ഷംസുദ്ദീന്, കെ.ടി. ജലീല്‍, മുഹമ്മദ് മുഹ്സിന്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്ബില്‍, സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, കെ.ഇ. ഇസ്മായില്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന് മുഹമ്മദ്, ആര്യാടന് ഷൗക്കത്ത്, ഡി.സി.സി മുന്‍ പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.എസ്.യു നേതാവ് കെ.എം. അഭിജിത്, സുന്നി എ.പി വിഭാഗം നേതാവ് എ.പി. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ പി. മുജീബ് റഹ്മാന്, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, ജില്ല പ്രസിഡന്റ് സലീം മമ്ബാട്, ജില്ല സെക്രട്ടറി എന്‍.കെ. സദ്റുദ്ദീന്‍, ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്, ജില്ല പ്രസിഡന്റ് രവി തേലത്ത്, മേഖല പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ ടൗണ്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ശാന്ത സ്വഭാവക്കാരന്‍, സ്ഫുടം ചെയ്തെടുത്ത ജീവിതം
പ്രവാചക കുടുംബത്തിന്റെ പുണ്യവും ജനപിന്തുണയുടെ കരുത്തുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ഗുണകരമായിരുന്നത്. ഒരേസമയം ആത്മീയ നേതാവും രാഷ്ട്രീയ നേതാവുമായിരുന്ന തങ്ങള്‍ പൊതുജീവിതത്തിനു കര്മങ്ങളിലൂടെ വിശുദ്ധിയുടെ നിറം നല്കി. കുടുംബമഹിമയും ഉന്നതവിദ്യാഭ്യാസവും മാത്രമല്ല, സമാനതകളില്ലാത്ത സ്വഭാവഗുണവും അദ്ദേഹത്തിന്റെ മഹത്വമായിരുന്നു.
പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ 5 ആണ്മക്കളിലെ മൂന്നാമത്തെ മകനായാണു ഹൈദരലി തങ്ങളുടെ ജനനം. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് 2 മാസം മുന്‍പ് 1947 ജൂണ്‍ 15നു ജനനം. രണ്ടു വയസ്സുള്ളപ്പോള്‍ ഹൈദരാബാദ് ആക്ഷന്റെ പേരില്‍ പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തിയ പൊലീസ് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്റ്റാണെന്നു പിന്നീടാണു മനസ്സിലായത്. വിവരമറിഞ്ഞ് ഇരമ്ബിയെത്തിയ ജനക്കൂട്ടത്തെ പൊലീസിന്റെ അഭ്യര്‍ത്ഥനയനുസരിച്ചു പൂക്കോയ തങ്ങള്‍തന്നെ ശാന്തമാക്കി. തുടര്‍ന്നു മഞ്ചേരി സബ് ജയിലില്‍ രണ്ടു ദിവസവും കോഴിക്കോട് ജയിലില്‍ രണ്ടാഴ്ചയും പൂക്കോയ തങ്ങള്‍ കഴിഞ്ഞു. പാണക്കാട് തറവാട്ടില്‍ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്ഠന് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങള്‍ ഏഴു വയസ്സുള്ള കുട്ടിയും.

അടുത്ത വര്‍ഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവി ക്ഷയരോഗം മൂലം മരിച്ചത്. അന്ന് ഉപ്പയ്ക്ക് 30 വയസ്സ് കഴിഞ്ഞതേയുള്ളൂ. ഉമ്മയ്ക്ക് ഇരുപത്തഞ്ചും. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളര്‍ത്തിയത്. കുട്ടിക്കാലത്തുതന്നെ വീട്ടിലെ തിരക്കുകളില്‍ ഹൈദരലി തങ്ങളും കണ്ണിയായി. പിതാവ് പൂക്കോയ തങ്ങള്‍ വട്ടമേശയ്ക്കു മുന്നിലിരുന്ന് ജനങ്ങളുടെ വേദനകളും ആവശ്യങ്ങളും കേട്ടുകൊണ്ടിരിക്കുമ്ബോള്‍ അപ്പുറത്തെ മുറിയിലിരുന്ന് ഹൈദരലി തങ്ങള്‍ പിതാവിനെ സഹായിച്ചു.
ഹൈസ്കൂള്‍ പഠനം കോഴിക്കോട്ടായിരുന്നു. ഷെയ്ഖ് പള്ളിക്കു സമീപം അമ്മായിയുടെ ‘കോയ വീട് ‘എന്ന വീട്ടില്‍ താമസിച്ച്, കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയയില്‍നിന്ന് എസ്എസ്എല്‍സി നേടി. തുടര്‍ന്ന് ദര്‍സ് പഠനം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്കടുത്തു കോന്നല്ലൂര്‍, പൊന്നാനി മഊനത്ത് അറബിക് കോളജ് എന്നിവിടങ്ങളില്‍നിന്നു മതവിദ്യാഭ്യാസ പഠനം തുടര്‍ന്നു. തുടര്‍പഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ ചേര്‍ന്നു.
ജാമിഅയിലെ പഠനകാലം സംഘാടനത്തിന്റെയും സാമൂഹിക പ്രവര്‍ത്തനത്തിന്റെയും കാലംകൂടിയായിരുന്നു. മതവിദ്യാര്‍ത്ഥികള്‍ക്കായി 1973ല്‍ സംസ്ഥാന തലത്തില്‍ സംഘടന രൂപീകരിച്ചപ്പോള്‍ പ്രഥമ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഹൈദരലി തങ്ങള്‍ നിയോഗിക്കപ്പെട്ടു. 1975ല്‍ തങ്ങള്‍ ഫൈസി ബിരുദം നേടി. മദീനയില്‍ പോയി തുടര്‍ന്നു പഠിക്കണമെന്ന ആഗ്രഹവുമായാണു ജാമിഅയില്‍നിന്നു പടിയിറങ്ങിയത്.
പക്ഷേ, പഠനം പൂര്‍ത്തിയാക്കി ഹൈദരലി തങ്ങള്‍ തിരിച്ചെത്തിയ വര്‍ഷമാണ് പിതാവിന് അര്‍ബുദരോഗബാധ സ്ഥിരീകരിച്ചത്. 1975 ജൂലൈ ആറിനു പൂക്കോയ തങ്ങള്‍ അന്ത്യശ്വാസം വലിക്കുമ്ബോള്‍ തൊട്ടടുത്ത് ഹൈദരലി തങ്ങളുണ്ടായിരുന്നു. പിതാവ് മരിച്ചതോടെ രാഷ്ട്രീയ രംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും മതരംഗത്ത് ഉമറലി ശിഹാബ് തങ്ങള്‍ക്കും കൂടുതല്‍ ചുമതലകളുണ്ടായി. സഹോദരങ്ങളുടെ സഹായിയും അനുസരണയുള്ള അനുജനുമായി ഹൈദരലി തങ്ങള്‍ അവരുടെ കൂടെക്കൂടി.

1977ല്‍ മലപ്പുറം പുല്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളി, മദ്രസയുടെ പ്രസിഡന്റ് സ്ഥാനമാണ് തങ്ങളിലേക്ക് ആദ്യം വന്നണഞ്ഞത്. തുടര്‍ന്ന് കരുവാരകുണ്ട് ദാറുന്നജാത്ത് അനാഥ-അഗതി മന്ദിരത്തിന്റെ പ്രസിഡന്റായി. ആദ്യമായി ഖാസിയാകുന്നതുകൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ലിലാണ്.
2008 ജൂലൈ 3ന് സഹോദരന് ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ സമസ്തയുടെ ഉന്നത നേതൃനിരയിലെത്തിയ ഹൈദരലി തങ്ങള്‍ തൊട്ടടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നിന് മൂത്ത സഹോദരന് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണു ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആകുന്നത്.
സാദിഖലി ശിഹാബ് തങ്ങള്‍ പിന്‍ഗാമിയാവും
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയില്‍ സഹോദരന് സാദിഖലി ശിഹാബ് തങ്ങളെത്തും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും എന്നാണ് സൂചകനള്‍. ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായപ്പോള്‍ സാദിഖലി തങ്ങള്‍ക്കായിരുന്നു താല്‍ക്കാലിക ചുമതല. നിലവില്‍ മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.