ബംഗളൂരു: സൈബർ തട്ടിപ്പുകാർക്ക് സിം കാർഡ് നൽകിയതിന് ടെലികോം കമ്പനിയിലെ രണ്ട് എക്‌സിക്യൂട്ടീവുകൾ അറസ്റ്റിൽ.എയർടെൽ എക്‌സിക്യൂട്ടീവുമാരായ ദൊഡ്ഡബല്ലാപുരയിലെ ചേതൻ (30), യെലഹങ്കയിലെ ഹർഷ (29) എന്നിവരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 6 വ്യാജ സിം കാർഡുകൾ പിടിച്ചെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.എഞ്ചിനീയറിംഗ് കോഴ്‌സ് അപേക്ഷകരെ കബളിപ്പിച്ച കേസിൽ ജനുവരി 28ന് അറസ്റ്റിലായ രാജേശ്വര് എന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റ് പുറത്തായത്. വൻ തുക നൽകിയാണ് ഇരുവരിൽ നിന്നും വ്യാജ സിം കാർഡുകൾ വാങ്ങിയതെന്ന് ഇയാൾ വെളിപ്പെടുത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.ഏതെങ്കിലും ഉപഭോക്താവ് സിം കാർഡ് ലഭിക്കുന്നതിനായി അവരെ സമീപിച്ചാൽ ഇരുവരും ആവശ്യത്തിലധികം ഫോമുകൾ പൂരിപ്പിച്ചു വാങ്ങും. കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കളുടെ ഐഡി കാർഡുകളും ഒപ്പുകളും ഉപയോഗിച്ച് ഇരുവരും പിന്നീട് അധിക സിം കാർഡുകൾ എടുക്കുകയും ഈ സിം കാർഡുകൾ തട്ടിപ്പുകാർക്ക് വിൽക്കുകയും ചെയ്യും. ഒരു ഉപഭോക്താവിന്റെ പേരിൽ 5 മുതൽ 6 വരെ കണക്ഷനുകൾ എടുക്കുകയും പിന്നീട് ഇവർ ഓരോ സിമ്മും 3000 മുതൽ 5000 രൂപക്കു വരെ വിറ്റഴിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.