കർണാടക പി.സി.സി പ്രസിഡണ്ട് ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരടക്കം 38 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പദയാത്രയുടെ ഉദ്ഘാടന സമയത്ത് മാസ്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകൾ പങ്കെടുത്തു എന്നാരോപിച്ചാണ് കേസെടുത്തത്. കൂടാതെ പദയാത്രക്ക് അനുമതി ലഭിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. അതേ സമയം ബി.ജെ.പി സർക്കാർ തങ്ങൾക്കെതിരെ 100 കേസുകൾ എടുത്താലും പദയാത്ര തുടരുക തന്നെ ചെയ്യുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് സമരവും പ്രതിഷേധവും നടത്തുന്ന ഹിന്ദു സംഘടനാ നേതാക്കൾക്ക് എതിരെ കേസെടുക്കാത്തത് എന്താണെന്നും ശിവകുമാർ ചോദിച്ചു.
ജനുവരി ഒമ്പതിനാണ് പത്ത് ദിവസം നീളുന്ന മേക്കേദാട്ട് പദയാത്ര ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് 13 ന് യാത്ര താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. യാത്രയുടെ ആദ്യ ഘട്ടത്തിലും കോവിഡ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.