ബെംഗളൂരു: ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്ന വാദം അവസാനിച്ചു. ഹര്‍ജിയില്‍ വിധ പറയാനായി കോടതി മാറ്റിയിരിക്കുകയാണ്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ പിയു കോളേജില്‍ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്കുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ ഹര്‍ജിയെത്തിയത്. അതേസമയം വിധി വരുന്നത് വരെ ക്ലാസുകളില്‍ ഹിജാബ് അടക്കമുള്ള മതപരമായ കാര്യങ്ങള്‍ ധരിക്കരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അത് മാറുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കോടതിക്ക് മുന്നിലുള്ള പ്രധാന പ്രശ്നം ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക മതവിശ്വാസ പ്രകാരം നിര്‍ബന്ധമാണോ എന്നതാണ്. അതോ സംസ്ഥാനത്തെ നിയമമാണോ പ്രധാനം എന്നതും വെല്ലുവിളിയാണ്.
പതിനൊന്ന് ദിവസത്തെ തുടര്‍ വാദങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക ഹൈക്കോടതി കേസ് വിധി പറയാനായി മാറ്റിയത്. ഇന്ന് തന്നെ കേസിലെ കക്ഷികളോട് വാദം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയും ഈ ബെഞ്ചിന്റെ ഭാഗമായിരുന്നു. കേസിലെ കക്ഷികളെ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രേഖാമൂലം വിവരങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ജനുവരി ഒന്നിനാണ് കര്‍ണാടകത്തിലെ ഹിജാബ് പ്രശ്നങ്ങള്‍ വിവാദമായി തുടങ്ങിയത്. ഉഡുപ്പി കോളേജില്‍ പെണ്‍കുട്ടികള്‍ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങളെ ക്ലാസ്റൂമുകളില്‍ ഹിജാബ് ധരിക്കാന്‍ കോളേജ് അധികൃതര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ പാടില്ലെന്ന ഇടക്കാല നിർദ്ദേശം വിദ്യാർത്ഥികൾക്ക് മാത്രമേ ബാധകമാകൂ എന്ന് കർണാടക ഹൈക്കോടതി. എല്ലാ വിദ്യാർത്ഥികളും സ്ഥാപനങ്ങള്‍ നിർദ്ദേശിച്ചിരിക്കുന്ന യൂണിഫോം കോഡ് പാലിക്കണമെന്നും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി വ്യക്തമാക്കി. ഹിജാബ് കേസിൽ ഹർജിക്കാരുടേയും സർക്കാറിന്റേയും വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിർദേശം. ശിരോവസ്ത്രം നീക്കാൻ അധ്യാപകർ നിർബന്ധിതരാകുകയാണ്, എന്നാല്‍ ഉത്തരവ് വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ഒരു അഭിഭാഷകനോട് സംസാരിക്കവടെ ചീഫ് ജസ്റ്റിസ് അവസ്തി പറഞ്ഞു.
യൂണിഫോം നിർദേശിച്ചിട്ടുണ്ടെങ്കിൽ ഡിഗ്രി കോളജായാലും പിയു കോളജിലായാലും അത് പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഹിജാബ് നിരോധനത്തിനെതിരായ മുസ്ലീം പെൺകുട്ടികളുടെ ഹർജി പരിഗണിക്കുന്ന കർണാടക ഹൈക്കോടതി, അന്തിമ ഉത്തരവ് വരെ ഹിജാബ്, കാവി ഷാൾ അല്ലെങ്കിൽ സ്കാർഫുകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിച്ച് ഇടക്കാല ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയായിരുന്നു ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കർണാടകയിലെ ഒരു സ്വകാര്യ കോളജിലെ ഗസ്റ്റ് ലക്ചറർക്ക് രാജിവെക്കേണ്ട സാഹചര്യമുണ്ടായത്.
അതേസമയം, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) ആണ് ഹിജാബ് പ്രശ്നം ആരംഭിച്ചതെന്നും വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗങ്ങൾ വിദ്യാർത്ഥികളെയും അധികാരികളെയും കണ്ടതായും പിയു കോളേജുകളിലൊന്നിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് എസ് നാഗാനന്ദ് പറഞ്ഞു. “ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) ആണ് ഹിജാബിന് വേണ്ടി ഈ നീ നാടകം കളിക്കുന്നതിന് നേതൃത്വം നൽകുന്നത്. ഇതൊരു വിദ്യാഭ്യാസ സംഘടനയോ വിദ്യാർത്ഥികളുടെ പ്രതിനിധിയോ അല്ല. ഏതോ സംഘടന വന്ന് ഈ ബഹളം ഉണ്ടാക്കുക്കയാണ്” അഡ്വക്കേറ്റ് നാഗാനന്ദ് പറഞ്ഞു.
അതിനിടെ, ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്ത കന്നഡ നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് വിലക്കിനെതിരായ ഹർജികൾ കേൾക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന് എതിരെയായിരുന്നു നടന്റെ ട്വീറ്റ്. ഐപിസി 505(2), 504 എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ട്വീറ്റിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം എൻ അനുചേത് വ്യക്തമാക്കുകയായിരുന്നു.