തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ പബ് തുടങ്ങും. ഇടതുമുന്നണിയുടെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് പബുകള്‍ തുടങ്ങുന്നത്. നേരത്തെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബ് ഇല്ലാത്തത് വലിയ പോരായ്മയായി വിവിധ കമ്ബനി പ്രതിനിധികള് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നു ഐടി പാര്‍ക്കുകളിലും അടുത്ത സാമ്ബത്തിക വര്‍ഷത്തോടെ പബുകള്‍ തുടങ്ങും. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമസമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.
കോവിഡില്‍ കേരളത്തിലെ ഐടി പാര്‍ക്കുകള്‍ പലതും അടച്ചുപൂട്ടി കമ്ബനികള്‍ വര്‍ക് ഫ്രം ഹോം ആയിരുന്നു. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിച്ചതോടെ പബിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനു പുറമെ പുതിയ ടോഡി ബോര്‍ഡ് രൂപീകരിക്കാനും കള്ളുഷാപ്പുകള്‍ അതിന് കീഴിലേക്ക് കൊണ്ടുവരുന്നതിനും പുതിയ മദ്യനയത്തില്‍ ധാരണയുണ്ട്. ബാറുകള്‍ രാത്രി 11 വരെ വീണ്ടും പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനമുണ്ട്. രണ്ടാം കോവിഡ് ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ രാത്രി 9 വരെ മാത്രമാണു പ്രവര്‍ത്തനം.
ഏറ്റവുമധികം വരുമാനം ലഭിക്കേണ്ട സമയത്ത് അടച്ചിടുന്നതുമൂലമുള്ള നഷ്ടത്തെക്കുറിച്ചു ബാറുടമകള്‍ എക്സൈസ് വകുപ്പിനോടു പരാതിപ്പെട്ടിരുന്നു. കോവിഡ് മൂലം ബാര്‍ മേഖലയിലുണ്ടായ വരുമാന നഷ്ടം കണക്കിലെടുത്ത് പുതിയ ബാറുകള്‍ക്കു നിയന്ത്രണം വേണമെന്ന ബാറുടമകളുടെ ആവശ്യം പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
ഭാവിയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കണമെന്നും 50 മുറികളെങ്കിലുമുള്ള ഹോട്ടലുകള്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നുമായിരുന്നു മദ്യനയ രൂപീകരണത്തിനു മുന്നോടിയായി ബാറുടമകള്‍ ഉന്നയിച്ച ആവശ്യം.
അനിയന്ത്രിതമായി ലൈസന്‍സുകള്‍ നല്‍കുന്നതു ബാര്‍ വ്യവസായ മേഖലയെ തകര്‍ക്കുമെന്നും സേവനത്തിന്റെ ഗുണനിലവാരം കുറയുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇതനുസരിച്ച് 50 മുറികള്‍ ഉണ്ടെങ്കിലേ പുതിയ ലൈസന്‍സ് കിട്ടൂ.