Home Featured അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്ന് ജീവനുള്ള ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍

അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്ന് ജീവനുള്ള ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി : കണ്ണുകളില്‍ ജീവനുള്ള ഈച്ചയുമായി എത്തിയ അമേരിക്കന്‍ യുവതിയെ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. ബോട്ട്ഫ്‌ളൈ എന്ന ഇനത്തില്‍പ്പെട്ട മൂന്ന് ഈച്ചകളെയാണ് യുവതിയുടെ കണ്ണില്‍ നിന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.

വലതുകണ്ണിലെ കണ്‍പോളയില്‍ നീര്‍ക്കെട്ടും അസ്വസ്ഥതകളുമായാണ് 32കാരിയായ യുവതി ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോട്ട്ഫ്‌ളൈ ഈച്ചകളില്‍ നിന്നുണ്ടാകുന്ന മയാസിസ് ആണെന്ന് സ്ഥിരീകരിക്കുകയും കണ്ണിനുള്ളില്‍ ഈച്ചകളെ കണ്ടെത്തുകയുമായിരുന്നു.

കണ്ണില്‍ എന്തോ അനങ്ങുന്നതായി കഴിഞ്ഞ കുറച്ച് നാളുകളായി അനുഭവപ്പെട്ടിരുന്നുവെന്ന് യുവതി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. കുറച്ച് നാള്‍ മുമ്പ് ആമസോണ്‍ മഴക്കാടുകളിലേക്ക് നടത്തിയ യാത്രയില്‍ ഈച്ച കണ്ണില്‍ കുടുങ്ങിയതാവാമെന്നാണ് നിഗമനം. അമേരിക്കയില്‍ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും വേദനയ്ക്കും മറ്റുമുള്ള മരുന്നുകള്‍ നല്‍കി അവര്‍ മടക്കി അയച്ചതോടെയാണ് യുവതി ഡല്‍ഹിയിലെത്തുന്നത്.

രണ്ട് സെന്റിമീറ്റര്‍ വലിപ്പമുള്ള ഈച്ചകളെയാണ് പുറത്തെടുത്തത്. അനസ്‌തേഷ്യ കൂടാതെ നടത്തിയ ശസ്ത്രക്രിയ പതിനഞ്ച് മിനിറ്റ് കൊണ്ട് പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി ആശുപത്രി വിട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group