Home Featured ഹർഷ കൊലപാതകം: സംഘര്‍ഷാവസ്ഥ തുടരുന്നു; 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍;ഹിജാബ് പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി

ഹർഷ കൊലപാതകം: സംഘര്‍ഷാവസ്ഥ തുടരുന്നു; 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍;ഹിജാബ് പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി

by കൊസ്‌തേപ്പ്

ബെംഗളുരു: കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ഹര്‍ഷ എന്ന ബജരംഗദള്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. ശിവമൊഗ്ഗ ആസ്ഥാനമായി തന്നെ പ്രവര്‍ത്തിക്കുന്ന 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും, ഇതിന് പിന്നില്‍ നിരവധിപ്പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഞായറാഴ്ച വൈകിട്ടാണ് ശിവമൊഗ്ഗയിലെ സീഗാഹട്ടി സ്വദേശിയായ ഹര്‍ഷ കാറിലെത്തിയ അക്രമിസംഘത്തിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കാമത്ത് ഒരു പെട്രോള്‍ പമ്ബിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഹര്‍ഷയെ അക്രമിസംഘം വെട്ടുകയായിരുന്നു. അഞ്ച് പേരാണ് ഹര്‍ഷയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതില്‍ കാസിം, സയ്യിദ്, നദീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാണ്.

അതേസമയം സംഭവത്തിന് ഹിജാബ് പ്രശ്നങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതായി സൂചനയില്ലെന്ന് മരിച്ച യുവാവിന്റെ വീട് സന്ദര്‍ശിച്ച ശേഷം ആഭ്യന്തര മന്ത്രി അറഗജ്ഞാനേന്ദ്ര പറഞ്ഞു. മയക്കുമരുന്ന് മാഫിയാ പോരാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് സംശയിക്കുന്നതായി ഭദ്രാവതി(ഷിവമോഗ്ഗ) എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ബി കെ സംഗമേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ജില്ലയില്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കഴിവുകേടാണ് പ്രടകടമാവുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മേഖലയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. ജില്ല പൊലീസ് സൂപ്രണ്ട് ലക്മിപ്രസാദിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് ബന്തവസ് ഏര്‍പെടുത്തി. ഭദ്രാവതി സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകള്‍ക്ക് അവധി നല്‍കി. എസ്‌എസ്‌എല്‍സി പ്രിപറേറ്ററി പരീക്ഷകളും മാറ്റിവെച്ചതായി തഹസില്‍ദാര്‍ പ്രദീപിന്റെ നിരോധാജ്ഞ ഉത്തരവില്‍ പറഞ്ഞു. രാവിലെ എട്ടിന് പ്രാബല്യത്തില്‍ വന്ന നിരോധാജ്ഞ ചൊവ്വാഴ്ച രാത്രി 10 വരെയാണ്. രാത്രി 11നും പുലര്‍ചെ അഞ്ചിനും ഇടയില്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കരുത്. രാത്രി ഒമ്ബതോടെ കടകളും തിയറ്ററുകളും അടക്കണം.

സംഭവത്തെത്തുടര്‍ന്നും തിങ്കളാഴ്ച മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിലും അഴിച്ചുവിട്ട അക്രമങ്ങളില്‍ സ്ഥാപനങ്ങളും വിഹനങ്ങളും തകര്‍ന്നു. ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ടം കഴിഞ്ഞ് മൃതദേഹം വിദ്യാനഗര്‍ റോടറി ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോവും വഴിയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. അക്രമികള്‍ നടത്തിയ കല്ലേറില്‍ മാധ്യമ ഫോടോഗ്രാഫര്‍, വനിത പൊലീസ്, വഴിയാത്രക്കാര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തും തീവെച്ചും നശിപ്പിച്ചെന്നും പരാതിയുണ്ട്. കനത്ത പൊലീസ് സംഘം വിലാപയാത്രയുടെ മുന്നിലും പിറകിലും സഞ്ചരിക്കുമ്ബോഴാണ് അക്രമം.

ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ മുന്നണിപ്പോരാളിയായ ഹര്‍ഷ ബജ്റംഗ്ദള്‍ ഷിവമോഗ്ഗ ജില്ല കോഓര്‍ഡിനേറ്ററായിരുന്നു. കാറില്‍ വന്ന അഞ്ചംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടിയ ശേഷം അതേ വാഹനത്തില്‍ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മരണ വിവരം അറിഞ്ഞ് സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. അടഞ്ഞുകിടന്ന കടകളുടെ ഷടറുകള്‍ കേടുവരുത്തിയും നിറുത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തും സംഘം മുന്നേറുന്ന ദൃശ്യങ്ങള്‍ സിസിടിവികളിലുണ്ട്. ഷിവമോഗ്ഗ സിഗെഹട്ടി മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം.

ഹിജാബ് പ്രശ്നവത്കരിച്ചതിനെത്തുടര്‍ന്ന് ഏറെ സംഭവങ്ങള്‍ അരങ്ങേറിയ പ്രദേശമാണ് ഷിവമോഗ്ഗ. ഹിജാബ് പ്രതിരോധിക്കാന്‍ കാവിഷോള്‍ അണിഞ്ഞ വിദ്യാര്‍ഥികള്‍ കോളജ് ഫ്ലാഗ്പോസ്റ്റില്‍ നിന്ന് ദേശീയ പതാക മാറ്റി പകരം കാവിക്കൊടി കെട്ടിയ സംഭവത്തില്‍ ആര്‍ക്കെതിരേയും നടപടിയുണ്ടായിട്ടില്ല. ചെങ്കോട്ടയില്‍ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്ന മുതിര്‍ന്ന ബിജെപി നേതാവും ഗ്രാമവികസന-പഞ്ചായത്ത് മന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രഖ്യാപനമാണ് തുടര്‍ന്നു വന്നത്. ഈ വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ സാമാജികര്‍ സംയുക്ത സഭാ സമ്മേളനത്തില്‍ രാത്രിയും പിരിയാതെ സമരത്തിലാണ്.

ഹിജാബ് അഴിക്കാന്‍ പറഞ്ഞതില്‍ പ്രതിഷേധിച്ച 58 വിദ്യാര്‍ഥികളെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത സംഭവവും ഷിവമോഗ്ഗയിലാണുണ്ടായത്. ഈ സാഹചര്യത്തില്‍, കൊല്ലപ്പെട്ട ഹര്‍ഷ പ്രത്യേക മത വിഭാഗത്തിന് അപകീര്‍ത്തികരമായ കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും വിവാദമായി. ദൊഡ്ഡപേട്ട പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു.

ബജ്‍രംഗദളിന്‍റെ സജീവപ്രവര്‍ത്തകനായിരുന്ന ഹര്‍ഷയ്ക്ക് മുമ്ബും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബജറംഗ്ദള്‍ റാലികള്‍ക്കിടെ പ്രദേശത്ത് മറ്റൊരു സംഘവുമായി ഹര്‍ഷ നിരന്തരം സംഘര്‍ഷത്തിലായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശിവമൊഗ്ഗയില്‍ ഇന്നും ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധറാലി നടത്താനെത്തി. എന്നാല്‍ പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. ശിവമൊഗ്ഗയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഒരു വിഭാഗത്തിന്‍റെ കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആക്രമണം നടന്നു. ശിവമൊഗ്ഗയില്‍ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഇന്നും സ്ഥലത്ത് കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ സംസ്ഥാനവ്യാപകമായി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തിയത് വലിയ അക്രമങ്ങള്‍ക്കാണ് വഴിവച്ചത്. ശിവമൊഗ്ഗയില്‍ ചില വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബ് നിരോധനത്തിന് എതിരായ റാലികള്‍ വിലക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ബെംഗ്ലൂരുവില്‍ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തക്ക് നീട്ടിയിട്ടുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group