
ബംഗളൂരു: തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി ഡോക്ടറുടെ പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും പീഡിയാട്രീഷ്യനുമായ ഡോ. ശാന്തനു ആര്. പ്രഭുവാണ് പൊലീസില്‍ പരാതി നല്‍കിയത്.
പ്രസ്തുത ട്വീറ്റ് സമൂഹത്തില്‍ തന്റെ ഇമേജിനെ താറടിച്ചതായും അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനികളും സ്ത്രീകളും ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്നായിരുന്നു ട്വീറ്റ്. ഇത് താലിബാനോ സൗദി അറേബ്യയോ മദ്റസയോ അല്ലെന്നും ശിരോവസ്ത്രം അനാവശ്യമാണെന്നും ശിരോവസ്ത്രം ധരിക്കണമെങ്കില്‍ മദ്റസയില്‍ പോകൂ എന്നും ട്വീറ്റില്‍ പറഞ്ഞു.
ഡോക്ടര്‍ ഒരു കുഞ്ഞിനെ കൈയിലേന്തിയ ഫോട്ടോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി തനിക്കെതിരെയും താന്‍ ജോലിചെയ്യുന്ന ആശുപത്രിക്കെതിരെയും ചിലര്‍ കുപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.