പര്‍വ്വതശിഖരങ്ങളും താഴ്വരകളും നദികളും കായലുകളും കൊണ്ടു സമ്ബന്നമാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരില്‍ കേരളം എന്നും പ്രസിദ്ധമാണ്. ആഗോളതലത്തില്‍ പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് നമ്മുടെ സംസ്ഥാനം. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഒരു പ്രധാനകാരണം.
ഇപ്പോഴിതാ നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് സ്ഥലങ്ങളില്‍ ഒന്നായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ട്രാവല്‍ മാഗസിന് ആയ കോണ്ടേ നാസ്റ്റ ട്രാവലര്‍ പുറത്തുവിട്ട പട്ടികയിലാണ് കോട്ടയം ജില്ലയിലെ അയ്മനം ഇടം നേടിയിരിക്കുന്നത്.
കായലിനോട് ചേര്‍ന്നുള്ള മനോഹരമായ ഗ്രാമമായ അയ്മനം ലണ്ടന്‍, അമേരിക്കയിലെ ഒക്ലാഹോമ, സിയോള്‍, ഇസ്താംമ്ബുള്, ശ്രീലങ്ക, ഭൂട്ടാന്, തുടങ്ങി മുപ്പതോളം സ്ഥലങ്ങള്‍ക്കൊപ്പം കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. വിനോദ സഞ്ചാരത്തിന് പേരുകേട്ട ലോകത്തെ തന്നെ പ്രമുഖമായ രാജ്യങ്ങള്‍ക്കൊപ്പമാണ് അയ്മനവും ഇടംപിടിച്ചിരിക്കുന്നത്.
സിക്കിം, മേഘാലയ, ഗോവ, കൊല്‍ക്കത്ത, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യയിലെ മറ്റു പ്രാദേശിക സംസ്ഥാനങ്ങള്‍. ഇതിനു മുമ്ബും അയ്മനത്തെ തേടി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. സൈക്കിള്‍ യാത്രയ്ക്കും നെല്‍വയലിലൂടെയുള്ള കാല്‍നടയാത്രകയ്ക്കും വിവിധ ഭക്ഷണ സ്വാദുകള്‍ പരീക്ഷിക്കാനും ഇവിടുത്തെ സംസ്കാരവും ഗ്രാമജീവിതവും ആസ്വദിക്കാനും നിരവധി വിനോദസഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്.
1997-ല്‍ പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ബുക്കര്‍ പ്രൈസ് നേടിയ ‘ദി ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്’ എന്ന പുസ്തകത്തിലും ഈ ഗ്രാമത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. 2020-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഒരു മാതൃകാ-ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു.