ബംഗളൂരു: കോവിഡ് ആദ്യഘട്ട വ്യാപനത്തിനുശേഷം തുടങ്ങിയതാണ് കേരളത്തിനും കര്‍ണാടകക്കും ഇടയിലുള്ള യാത്ര നിയന്ത്രണവും തുടര്‍ന്നുള്ള പ്രതിസന്ധിയും. 2021 ഫെബ്രുവരി മുതലാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക ഇറക്കിയതെങ്കിലും അതിനുമുമ്ബും ക്വാറന്റീന് ഉള്‍പ്പെടെ യാത്ര നിയന്ത്രണങ്ങള്‍ തുടര്‍ന്നിരുന്നു. കേരളത്തില്‍നിന്നും കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കര്‍ശനമാക്കിയത്.
പിന്നീട് എല്ലാ യാത്രക്കാര്‍ക്കുമായി നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡിന്റെ ആദ്യകാലങ്ങളില്‍ ക്വാറന്റീന് ആയിരുന്നെങ്കില്‍ രണ്ട് ഡോസ് വാക്സിനെടുത്തശേഷവും കര്‍ണാടകയിലേക്ക് വരുന്നതിന് ആര്.ടി.പി.സി.ആര് നിബന്ധന തുടര്‍ന്നത് കേരളത്തില്‍നിന്നും വരുന്ന യാത്രക്കാരെയാണ് ഏറെ വലച്ചത്. ഒരു വര്‍ഷത്തിലധികം നീണ്ട കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിബന്ധന വൈകിയെങ്കിലും ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ് മറുനാടന്‍ മലയാളികള്‍.
സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ ട്വിറ്ററിലും വാട്സ്ആപിലും ഫേസ്ബുക്കിലുമെല്ലാം ഇക്കാര്യം പങ്കുവെച്ചാണ് മലയാളികള്‍ ഈ വിവരം എല്ലാവരെയും അറിയിച്ചത്. കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കോവിഡിന്റെ പേരില്‍ മറ്റൊരിടത്തുമില്ലാത്ത നിയന്ത്രണമായിരുന്നു കേരളത്തില്‍നിന്നും വരുന്നവര്‍ അനുഭവിച്ചിരുന്നത്.
കേരളത്തിലെ കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് 2021 ഫെബ്രുവരി ആദ്യം മംഗളൂരു, കുടക്, ചാമരാജ് നഗര്‍, മൈസൂരു, ഉഡുപ്പി തുടങ്ങിയ അതിര്‍ത്തി ജില്ലകളിലേക്ക് കേരളത്തില്‍നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.
ദക്ഷിണ കന്നട ജില്ലയെ അതിര്‍ത്തി റോഡുകള്‍ അടച്ച നടപടിയില്‍ കര്‍ണാടക ഹൈകോടതിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. 2021 ജൂണില്‍ വീണ്ടും ഉത്തരവില്‍ ഇളവ് നല്കി. വീണ്ടും ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കി. വൈകാതെ 2021 ജൂലൈ ഒന്നിന് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇളവ് നല്കി. എന്നാല്‍, ഇത് അധികകാലം നീണ്ടില്ല. വീണ്ടും എല്ലാവര്ക്കും കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കേരളത്തിനൊപ്പം മഹാരാഷ്ട്രയില്‍നിന്നും വരുന്ന യാത്രക്കാര്‍ക്കും ഇതേ നിയന്ത്രണം ബാധകമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് നിബന്ധന അന്തര്‍ സംസ്ഥാന ബസ് യാത്രയെയാണ് കാര്യമായി ബാധിച്ചത്. യാത്രക്കാര്‍ കുറയുന്ന സാഹചര്യമുണ്ടായി.
കോവിഡ് രണ്ടാം ഘട്ട വ്യാപനം കര്‍ണാടകയില്‍ കുറഞ്ഞപ്പോഴും കേരളത്തില്‍ വ്യാപനം തുടര്‍ന്നതോടെ വീണ്ടും നിയന്ത്രണം കടുപ്പിക്കാന്‍ കര്‍ണാടക തീരുമാനിച്ചിരുന്നു. കേരളത്തില്‍നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. 2021 സെപ്റ്റംബറില്‍ കേരളത്തില്‍നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചത്തെ ക്വാറന്റീന് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയെങ്കിലും ഇതു നടപ്പാക്കുന്നതിലെ പ്രായോഗികതയും തിരിച്ചടിയായി. മൂന്നാം തരംഗത്തിന് മുമ്ബായി അതിര്‍ത്തികളില്‍ അനൗദ്യോഗിക ഇളവും നല്കി.
നിയന്ത്രണം കുറഞ്ഞ ഘട്ടങ്ങളിലെല്ലാം പലപ്പോഴായി അതിര്‍ത്തിയിലെ പരിശോധന കുറക്കുകയും ഇളവ് നല്‍കുകയും ചെയ്തെങ്കിലും ഉത്തരവ് ഔദ്യോഗികമായി പിന്‍വലിച്ചിരുന്നില്ല. കര്‍ണാടകയില്‍ മൂന്നാം ഘട്ട വ്യാപനത്തിന്റെ സൂചന ലഭിച്ചതോടെ 2021 നവംബര്‍ മുതല്‍ വീണ്ടും നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി. ട്രെയിന്‍ യാത്രക്കാരെ റെയില്‍വേ സ്റ്റേഷനുകളിലെത്തിയശേഷമാണ് പരിശോധിച്ചതെങ്കില്‍ വാഹന യാത്രക്കാരെ അതിര്‍ത്തികളില്‍ തടഞ്ഞായിരുന്നു പരിശോധന.
കുടകിലെ കുട്ട, മാക്കൂട്ട അതിര്‍ത്തികളിലാണ് പരിശോധനയെതുടര്‍ന്ന് യാത്രക്കാര്‍ ഏറെ നാളുകളായി ദുരിതമനുഭവിച്ചത്. മുത്തങ്ങ കഴിഞ്ഞുള്ള മൂലഹോളെയിലും എച്ച്.ഡി കോട്ടയിലെ ബാവലയിലും പരിശോധന ശക്തമായിരുന്നു. പലപ്പോഴായി ബംഗളൂരുവിന് പുറത്തുള്ള അത്തിബലെയിലും പരിശോധനയുണ്ടായിരുന്നു.
അതിര്‍ത്തികളില്‍ സര്‍ട്ടിഫിക്കറ്റിന് പകരമായി പണം നല്കിയാല് കടക്കാന്‍ കഴിയുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ കാസര്‍കോട്-മംഗളൂരു അതിര്‍ത്തിയിലെ എല്ലാ ചെക്പോസ്റ്റുകളിലെയും പരിശോധന നിര്‍ത്തിവെക്കാന്‍ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്നും വരുന്നവര്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതോടെ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഉള്‍പ്പെടെ വര്‍ധനയുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ തീരുമാനത്തെ മലയാളി സംഘടനകള്‍ സ്വാഗതം ചെയ്തു.