Home Featured ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉഡുപ്പി സര്‍ക്കാര്‍ ജി ശങ്കര്‍ വനിതാ കോളേജിലെ 60 വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങി.

ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉഡുപ്പി സര്‍ക്കാര്‍ ജി ശങ്കര്‍ വനിതാ കോളേജിലെ 60 വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങി.

by കൊസ്‌തേപ്പ്

60 അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.ഡിഗ്രി കോളേജുകളില്‍ യൂണിഫോം നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മുസ്ലിം വിദ്യാര്‍ഥികള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും കോളേജ് വികസനസമിതിയാണ് കോളേജിലെ നിയമങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു അധികൃതരുടെ മറുപടി. ഹിജാബും പഠനവും ഒരുപോലെ ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുംവരെ കോളേജിലേക്കില്ലെന്നും അവര്‍ പറഞ്ഞു.

പ്രതിഷേധിച്ച്‌ വിദ്യാര്‍ഥികള്‍
ബല്ലാരിയിലെ സരളാദേവി കോളേജില്‍ ബുര്‍ഖ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ബെലഗവി വിജയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കല്‍ സയന്‍സസിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ആറുപേരെ അറസ്റ്റ് ചെയ്തു.

ചിത്രദുര്‍ഗ വിമെന്‍സ് പിയു കോളേജിലും ഹിജാബ് ധരിച-്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. പ്രവേശനം അനുവദിക്കുംവരെ ദിവസവും കോളേജിനുപുറത്ത് പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ചിക്കമംഗലൂരുവില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രശ്നം 8 സ്കൂളില്‍ മാത്രമെന്ന് കര്‍ണാടകം
കര്‍ണാടകത്തിലെ 75,000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ട് സ്കൂളിലും പ്രീ യൂണിവേഴ്സിറ്റി കോളേജുകളിലും മാത്രമാണ് ഹിജാബ് പ്രശ്നം നിലനില്‍ക്കുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍. വിഷയം ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിദ്യാര്‍ഥികള്‍ അനുസരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ജില്ലയില്‍ നിരോധനാജ്ഞ
മംഗളൂരു
ഹിജാബ് വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ കര്‍ണാടകത്തിലെ രണ്ട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. രാംനഗര്‍ ജില്ല്ലയില്‍ 19 വരെയും വിജയപുരയിലെ ഹുബ്ബള്ളിയില്‍ 28 വരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഹിജാബ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ചകളിലും റംസാന്‍ ദിനങ്ങളിലും തങ്ങളെ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group