ബെംഗളൂരു: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരു വിദ്യാർഥിനി ഉൾപ്പെടെ നാലു കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസകോട്ടക്ക് സമീപം ദേശീയ പാത 75 ൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈഷ്ണവി, സിരിൾ, ഭരത്, വെങ്കട്ട് എന്നിവരാണ് മരിച്ചത്. സിരി കൃഷ്ണ, അങ്കിത റെഡ്ഢി എന്നിവർക്കാണ് പരിക്കേറ്റത്.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കോളാറിൽ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി മറിഞ്ഞ് എതിർ ഭാഗത്തിലുള്ള റോഡിലൂടെ വരികയായിരുന്ന ട്രക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ഏറെ ശ്രമിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കാർ പൂർണമായും തകർന്നിരുന്നു. സംഭവത്തിൽ ഹൊസ്കോട്ടെ പോലീസ്
കേസെടുത്തു