കോഴിക്കോട് : കോഴിക്കോട് പുറക്കാട്ടേരി പാലത്തിനു മുകളില്‍ മൂന്നു പേര് മരിക്കാനിടയായ അപകടത്തില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു സൂചന. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് മൂന്നുപേര്‍ മരിച്ചത്.
കര്‍ണാടക സ്വദേശികളായ ശിവണ്ണ, നാഗരാജ, ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശി ദിനേശന് എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്നു പേരും മരിച്ചു. മുന്‍ഭാഗം വെട്ടിപൊളിച്ചാണ് ദിനേശനെ പുറത്തെടുത്തത്. ട്രാവലറിലെ യാത്രക്കാരായ 11 പേര്‍ക്കും പരിക്കുണ്ട്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.
ട്രാവലര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം. ട്രാവലര്‍ നേരിട്ട് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കാര്യമായ പരിക്കില്ല.