ബെംഗളൂരു: ഒരോ മോഷണത്തിനുശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്ക് പണ വിതരണം… കൈയില്‍ എപ്പോഴും ബൈബിള്‍… കഴിഞ്ഞദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോണ്‍ മെല്‍വിന്‍ (46) എന്ന മോഷ്ടാവിന്റേതാണ് വ്യത്യസ്തമായ ഈ രീതികള്‍.
പണക്കാരുടെ വീട്ടില്‍നിന്ന് മോഷണം നടത്തി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ‘റോബിന്‍ഹുഡ്’ ശൈലിയിലുള്ള മോഷ്ടാവിനെ വിജയനഗറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അന്പതോളം മോഷണങ്ങളില്‍ ജോണ്‍ മെല്‍വിന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 1994-ലായിരുന്നു ആദ്യ മോഷണം. തുടര്‍ന്ന് നടത്തിയ മോഷണങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും പിടിക്കപ്പെട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്ബന്നരുടെയും വീടുകളില്‍മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമെടുക്കുന്നതായിരുന്നു പതിവ്. മോഷ്ടിക്കപ്പെട്ടവയില്‍ കള്ളപ്പണവും ഉണ്ടായിരുന്നതിനാല്‍ ചിലയിടങ്ങളില്‍നിന്ന് പരാതികളുമുണ്ടായിരുന്നില്ല.