കൊച്ചി: ടൂറിസ്റ്റ് ബസുകള്‍ തൂക്കി വില്‍ക്കാന്‍ പരസ്യം നല്‍കി കൊച്ചിയിലെ ബസുടമ. കൊച്ചിയിലെ റോയ് ടൂറിസം ഉടമ റോയ്സണ്‍ ജോസഫ് ആണ് തന്റെ ആഡംബര ബസുകള്‍ ആക്രി വിലക്ക് തൂക്കി വില്‍ക്കുന്നത്. ലോക് ഡൗണും കോവിഡും തകര്‍ത്ത് തരിപ്പണമാക്കിയ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട് ബസ് മേഖലയുടെ ദയനീയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ടൂറിസ്റ്റ് ബസ് ഉടമകളുടെ പ്രമുഖ സംഘടനയായ കോണ്‍ട്രാക്റ്റ് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കേരള (സിസിഒഎ) വെള്ളിയാഴ്ച അതിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഈ പരസ്യം പങ്കിട്ടതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. 20 ബസുകള്‍ ഉണ്ടായിരുന്ന റോയ്സണ്‍ 10 എണ്ണം ഇതിനോടകം വിറ്റു കഴിഞ്ഞ. 50 ജീവനക്കാരുടെ ജോലിയും പോയി. കേരളത്തില്‍ 14000 ടൂറിസ്റ്റ് ബസ് രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായിരുന്നു. അതില്‍ 2000 ബസ് പണമിടപാട് സ്ഥാപനങ്ങള്‍ വായ്‌പാ കുടിശിക കാരണം പിടിച്ചെടുത്തു. മറ്റൊരു 2000 എണ്ണം മാര്‍ച്ചോടെ പിടിച്ചെടുക്കും. നിയന്ത്രണങ്ങള്‍ മാറിയെങ്കിലും ഒരു ബസില്‍ നിന്ന് മാസമുള്ള വരുമാനം 20,000 രൂപയായി കുറഞ്ഞു. ഈ ആഴ്ചയിലെ അവസാന നാല് ദിവസങ്ങളില്‍, മൂന്ന് ടൂറിസ്റ്റ് ബസ്സുകള്‍ക്ക് മാത്രമാണ് മൂന്നാറിലേക്ക് ഒരു യാത്ര ലഭിച്ചത്. “സാധാരണയായി ഫെബ്രുവരിയില്‍, മൂന്നാറിലേക്ക് ടൂറിസ്റ്റുകളെ പ്രവാഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വായ്പാ തിരിടവിന് വേണ്ടിയാണ് റോയ്സണ്‍ ബസുകള്‍ വില്‍ക്കുന്നത്. റോയ്സണ്‍ കഴിഞ്ഞ മാസങ്ങളില്‍ 10 ബസ്സുകള്‍ വിറ്റതും വലിയ നഷ്ടം സഹിച്ചാണ്. “കിലോയ്ക്ക് 45 രൂപ തരുന്ന ആര്‍ക്കും എന്റെ ബസ്സുകള് വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. സ്ഥിതി വളരെ മോശമാണ്; പല ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരും ആത്മഹത്യയുടെ വക്കിലാണ്,” അദ്ദേഹം പറഞ്ഞു. ദുരിത കാലത്തും സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ദ്രോഹിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ബസുടമകള്‍ സാക്ഷ്യം പറയുന്നു.
8-10 ദിവസത്തേക്ക് പാക്കേജ് ടൂറുകള്‍ സംഘടിപ്പിച്ചായിരുന്നു ടൂറിസ്റ്റ് ബസ് ഉടമകള്‍ കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ തുടങ്ങിയത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വിനോദസഞ്ചാരികളെ തിരഞ്ഞെടുക്കുകയും പ്രധാന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്യുന്നു. എന്നാല്‍, പെട്ടെന്ന് സര്‍ക്കാര്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതും അവതാളത്തിലായി. ഞായറാഴ്ച പ്രവര്‍ത്തിച്ചതിന് പോലീസ് 2,000 രൂപ പിഴ ഈടാക്കുന്നു. റോഡ്, വാഹന നികുതിയായി ഭീമമായ തുക അടയ്ക്കുന്ന സമയത്താണ് വാഹന ഉടമകളെ ഇങ്ങനെ കൊള്ളയടിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നത്. ഒരു ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍ റോഡ് / വാഹന നികുതിയായി മൂന്ന് മാസത്തിലൊരിക്കല്‍ ഏകദേശം 40,000 രൂപ നല്‍കുന്നു.