ബംഗളുരു: ‘ഭഗ്വ ധ്വജ്’ (കാവി പതാക) ഭാവിയിൽ ദേശീയ പതാകയായി മാറിയേക്കുമെന്ന് മുതിർന്ന ബിജെപി നേതാവും കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയുമായ കെ എസ് ഈശ്വരപ്പ ബുധനാഴ്ച പറഞ്ഞു. എന്നാൽ ത്രിവർണ പതാകയാണ് ഇപ്പോൾ ദേശീയ പതാകയെന്നും അത് എല്ലാവരും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ശ്രീരാമചന്ദ്രന്റെയും മാരുതിയുടെയും രഥങ്ങളിൽ കാവി പതാകകൾ ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടിൽ ത്രിവർണ പതാക ഉണ്ടായിരുന്നോ? ഇപ്പോൾ അത് (ത്രിവർണ്ണ പതാക) നമ്മുടെ ദേശീയ പതാകയായി നിശ്ചയിച്ചിരിക്കുന്നു, ഈ രാജ്യത്ത് ഭക്ഷണം കഴിക്കുന്ന ഓരോ വ്യക്തിയും ദേശീയ പാതകയ്ക്ക് നൽകേണ്ട ബഹുമാനം നൽകണം, അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല,’ ഈശ്വരപ്പ പറഞ്ഞു.
ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്താനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഇന്നല്ല, ഭാവിയിൽ ഒരു ദിവസം’ എന്നായിരുന്നു മറുപടി. ‘ഹിന്ദു വിചാര’ത്തിലും ‘ഹിന്ദുത്വ’ത്തിലും ഇന്ന് രാജ്യത്ത് ചർച്ചകൾ നടക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞപ്പോൾ ആളുകൾ ചിരിക്കാറുണ്ട്, ഞങ്ങളല്ലേ ഇപ്പോൾ അത് നിർമ്മിക്കുന്നത്? അതുപോലെ ഭാവിയിൽ 100 അല്ലെങ്കിൽ 200 അല്ലെങ്കിൽ 500 വർഷങ്ങൾക്ക് ശേഷം ഭഗവാ ധ്വജം ദേശീയ പതാകയായി മാറിയേക്കാം. എനിക്കറിയില്ല.’ ത്രിവർണ പതാകയെ ഭരണഘടനാപരമായി ദേശീയ പതാകയായി അംഗീകരിച്ചിട്ടുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും അതിനെ ബഹുമാനിക്കാത്തവർ രാജ്യദ്രോഹികളാകുമെന്നും മന്ത്രി പറഞ്ഞു.