ബംഗളൂരു : ഹിജാബ് വിവാദം സംസ്ഥാനത്തെ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പടരവേ കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു.വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ പുതിയ നയം ഏര്‍പ്പെടുത്തിയതാണ് ഇപ്പോഴത്തെ വിവാദ സംഭവങ്ങള്‍ക്ക് വഴിതുറന്നത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാത്ത സംഭവത്തെ കുറിച്ചുള്ള ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിച്ചിരുന്നു. കേസില്‍ നാളെയും കോടതി വാദം കേള്‍ക്കും. സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ പുതിയ നയം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതിരുന്നതാണ് പ്രശ്നം വലുതാക്കിയത്. ഉഡുപ്പി കുണ്ടപുര കോളേജിലെ 28 വിദ്യാര്‍ത്ഥികളെയാണ് ഹിജാബ് ധരിച്ചെത്തിയെന്ന പേരില്‍ അധികൃതര്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത്.
ഹിജാബ് മാറ്റിയാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ അനുവദിക്കുകയുള്ളൂവെന്നും വിധി വന്ന ശേഷം മാത്രം എത്തിയാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉഡുപ്പിയിലെ മറ്റ് സര്‍ക്കാര്‍ കോളേജുകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ‘ഐ ലവ് ഹിജാബ്’ എന്ന പേരില്‍ ക്യാംപയിനും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചു.
മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ചില കോളേജുകളില്‍ ഹിന്ദു മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ കാവിഷാള്‍ ധരിച്ചെത്തി. ചില സംഘടനകളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടക ഉഡുപ്പി മഹാത്മ ഗാന്ധി കോളേജില്‍ കാവി തലപ്പാവും ഷാളുമണിഞ്ഞെത്തിയ സംഘപരിവാര്‍ സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. ഹിജാബ് നിരോധിക്കുന്നതുവരെ കാവി ഷാളും തലപ്പാവും ധരിക്കുമെന്ന് ഇവര്‍ പറഞ്ഞു. ഇതോടെയാണ് ഹിജാബ് വിവാദം സംസ്ഥാനത്തെ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘര്‍ഷത്തിലെത്തിച്ചത്. എന്നാല്‍ സ്‌കൂളുകള്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.