ബെംഗളൂരു : അന്തരിച്ച ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി കർണാടക സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. “എല്ലാ പൊതു വിനോദ പരിപാടികളും നിരോധിച്ചിരിക്കുന്നു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, എന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടർന്ന് ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി.1942-ൽ 13-ാം വയസ്സിൽ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ പാടി.
ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരിൽ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം, മറ്റ് നിരവധി പുരസ്കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.
സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചുമക്കളില്‍ മൂത്തവളായി മധ്യപ്രദേശിലെ ഇന്ദോറില്‍ 1929 സെപ്റ്റംബര്‍ 28നാണ് ലത മങ്കേഷ്‌കര്‍ ജനിച്ചത്. ആദ്യ പേര് ഹേമ എന്നായിരുന്നെങ്കിലും പിന്നീട് തന്റെ നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം മൂലം അച്ഛന്‍ ലത എന്ന് പുനര്‍നാമകരണം ചെയ്തു, അച്ഛനില്‍ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ലത അഞ്ചാം വയസ്സു മുതല്‍ പിതാവിന്റെ സംഗീത നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. അമാനത്ത് ഖാന്‍, പണ്ഡിറ്റ് തുളസിദാസ് ശര്‍മ, ഉസ്താദ് അമാന്‍ അലി ഖാന്‍ തുടങ്ങിയവരില്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
1948ല്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മജ്‌ബൂര്‍’ എന്ന സിനിമയിലെ ‘ദില്‍ മേര ധോഡ, മുഛെ കഹിന്‍ കാ നാ ചോര’ എന്ന ഗാനം ലതയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി. 1949ല്‍ ‘മഹല്‍’ എന്ന സിനിമയിലെ ‘ആയേഗ ആനേവാല’ എന്ന ഗാനമാണ് ലതയുടെ ആദ്യ ഹിറ്റ്. സച്ചിന്‍ ദേവ് ബര്‍മന്‍, സലീല്‍ ചൗധരി, ശങ്കര്‍ ജയ്കിഷന്‍, മദന്‍ മോഹന്‍, ഖയ്യാം, പണ്ഡിറ്റ് അമര്‍നാഥ്, ഹുസന്‍ലാല്‍ ഭഗത് റാം തുടങ്ങി അക്കാലത്തെ പ്രശസ്ത സംഗീത സംവിധായകര്‍ക്കെല്ലാം വേണ്ടി അവര്‍ പിന്നീട് പാടി. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മുകേഷ്, ഹേമന്ത് കുമാര്‍, മഹേന്ദ്ര കപൂര്‍, മന്ന ഡേ തുടങ്ങിയ പ്രശസ്തരായ ഗായകര്‍ക്കൊപ്പവും ലതയുടെ ശബ്ദം മുഴങ്ങി. 1950കളില്‍ ബൈജു ബാവ്ര (1952), മദര്‍ ഇന്ത്യ (1957), ദേവദാസ് (1955), ചോരി ചോരി (1956), മധുമതി (1958) എന്നീ ചിത്രങ്ങളിലും ലത അഭിനയിച്ചു.
ഹിന്ദി, മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. ‘നെല്ല്’ എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന കദളി കണ്‍കദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനമാണ് മലയാളത്തില്‍ ആലപിച്ചത്. അറുപതുകളില്‍ അഞ്ച് മറാഠി സിനിമകള്‍ക്ക് സംഗീതം സംവിധാനം നിര്‍വഹിച്ചു. ‘സാധി മനസ്’ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മിച്ചു. 1990ല്‍ ലത നിര്‍മിച്ച് പ്രശസ്ത ഗാനരചയിതാവായ ഗുല്‍സാര്‍ സംവിധാനം ചെയ്ത ‘ലേക്കിന്‍’ എന്ന ചിത്രത്തില്‍ അവര്‍ പാടിയ ‘യാരാ സീലി സീലി’ എന്ന ഗാനത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു.
2001ല്‍ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ‘ഭാരതരത്നം’ നല്‍കി രാജ്യം ലത മങ്കേഷ്കറെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) എന്നിവയും ലഭിച്ചിട്ടുണ്ട്. 1993ല്‍ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ചു. 1999ല്‍ ലതയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതയുടെ ഇളയ സഹോദരിയാണ്. സജീവ പിന്നണി ഗാനരംഗത്തുനിന്ന് ലത പിന്മാറിയിട്ട് വര്‍ഷങ്ങളായി. 2014ല്‍ പുറത്തിറങ്ങിയ ‘ദുന്നോ വൈ 2’ എന്ന സിനിമയിലെ ‘ജീനാ ഹെ ക്യാ’ എന്ന പാട്ടാണ് ഒടുവിലത്തെ ശ്രദ്ധേയമായ ഗാനം.