Home Featured ടാറ്റ വന്നിട്ടും രക്ഷപ്പെടാനാകാതെ എയര്‍ ഇന്ത്യ; തിങ്കളാഴ്‌ച മുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും, സമരപ്രഖ്യാപനവുമായി ടെക്‌നീഷ്യന്മാര്‍

ടാറ്റ വന്നിട്ടും രക്ഷപ്പെടാനാകാതെ എയര്‍ ഇന്ത്യ; തിങ്കളാഴ്‌ച മുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും, സമരപ്രഖ്യാപനവുമായി ടെക്‌നീഷ്യന്മാര്‍

മുംബയ്: നഷ്‌ടത്തില്‍ കൂപ്പുകുത്തിയിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിട്ട് അധികനാള്‍ ആയിട്ടില്ല. ഓപ്പറേഷനുമായി ബന്ധപ്പെട്ടതും തൊഴിലാളി പ്രശ്‌നങ്ങളും ടാറ്റ ഏറ്റെടുത്തിട്ടും എയ‌ര്‍ ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ തുടരുക തന്നെയാണെന്നാണ് സൂചന. എയര്‍ക്രാഫ്‌റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്മാരാണ് ഇപ്പോള്‍ ‘ടൂള്‍സ് ഡൗണ്‍ പ്രക്ഷോഭം’ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴ് മുതല്‍ 1700 ടെക്‌നീഷ്യന്മാര്‍ ഇത്തരത്തില്‍ സമരം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എയര്‍ഇന്ത്യ എഞ്ചിനീയറിംഗ് സെര്‍വീസസ് ലിമിറ്റഡു(എഐഇഎസ്‌എല്‍)മായി സ്ഥിരനിയമന കരാറുള‌ളവരാണ് സമരം ചെയ്യുന്നത്. എയര്‍ ഇന്ത്യയിലെ എഞ്ചിനീയറിംഗ് ജോലികള്‍ ചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള‌ള കമ്ബനിയാണിത്.

എഐഇഎസ്‌എല്ലിന്റെ 60 ശതമാനം വരുന്ന ടെക്‌നീഷ്യന്മാ‌ര്‍ പണിമുടക്കിയാല്‍ തീര്‍ച്ചയായും എയര്‍ ഇന്ത്യയുടെ ദേശീയ, അന്ത‌ര്‍ദേശീയ സ‌ര്‍വീസുകളെ അത് ഗുരുതരമായി ബാധിക്കും. എയര്‍ക്രാഫ്‌റ്റ് ഫ്യുവലിംഗ്, മാര്‍ഷലിംഗ്, അറ്റകുറ്റപണികള്‍ നടത്തുക എന്നിവയാണ് ടെക്‌നീഷ്യന്മാര്‍ ചെയ്യുന്ന ജോലി.ശമ്ബള പരിഷ്‌കരണം,തൊഴില്‍ കരാര്‍ പുതുക്കുക, ക്ഷാമബത്ത ഉള്‍പ്പെടുത്തുക എന്നിങ്ങനെ കാര്യങ്ങളിലാണ് ടെക്‌നീഷ്യന്മാര്‍ സമരമുഖത്തുള‌ളത്. എയര്‍ ഇന്ത്യയിലെ സ‌ര്‍വീസ് എഞ്ചിനീയര്‍മാരുടേതിന് തുല്യമായിരിക്കണം ശമ്ബളം എന്നാണ് സമരം പ്രഖ്യാപിച്ചവര്‍ ആവശ്യപ്പെടുന്നത്. സര്‍വീസ് എഞ്ചിനീയര്‍മാരുമായി ജോലിയിലോ യോഗ്യതയിലോ ഒരു കുറവും ടെക്‌നീഷ്യന്മാര്‍ക്കില്ല എന്നാണ് സമരക്കാ‌ര്‍ അറിയിക്കുന്നത്.

25,​000 രൂപ മാത്രമാണ് തങ്ങളുടെ ശമ്ബളം. അതില്‍ 21,​444 രൂപ മാത്രമാണ് ലഭിച്ചത്. സാമ്ബത്തിക നടപടികളുടെ ഭാഗമായി 2020 മേയ് മാസം മുതല്‍ എഐഇഎസ്‌എല്‍ വക മെഡിക്കല്‍ സൗകര്യത്തിന് 1100 രൂപ കുറച്ചതും ഇതില്‍ പെടും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ജനുവരി മാസത്തില്‍ എഐഇഎസ്‌എല്‍ മാനേജ്‌മെന്റിന് തൊഴിലാളികള്‍ കത്ത് നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല. അസിസ്‌റ്റന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ കമ്ബനി മാനേജ്‌മെന്റും തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ നടപടി ആരംഭിച്ചപ്പോള്‍ ആദ്യം ജനുവരി 17ന് പ്രഖ്യാപിച്ച സമരം മാറ്റിവച്ചു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തങ്ങള്‍ സമരം നടത്തുന്നതെന്ന് ടെക്‌നീഷ്യന്മാര്‍ വ്യക്തമാക്കി. മുന്‍പ് കമ്ബനി എയര്‍ ഇന്ത്യ ഏറ്റെടുത്തയുടന്‍ ആറ് മാസത്തിനകം ജീവനക്കാര്‍ സ്‌റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് കമ്ബനി ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഗ്രൗണ്ട് സ്‌റ്റാഫും സര്‍വീസ് എ‍ഞ്ചിനീയര്‍മാരും സമരം പ്രഖ്യാപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group