ബെംഗളൂരു: വ്യാജ ആർ.ടി. പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ മൂന്ന് പേർ ബെളഗാവിയിൽ പിടിയിലായി. മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് ബസ് ടിക്കറ്റിനൊപ്പം വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റും നിർമിച്ചുനൽകിയ ട്രാവൽ ഏജൻസി ജീവനക്കാരായ മൂന്നു പേരെയാണ് ബെളഗാവിയിൽ പിടികൂടിയത്.
ട്രാവൽ ഏജൻസികൾ നടത്തുന്ന ഇത്തരം തട്ടിപ്പിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ച ബെളഗാവി പോലീസ് രഹസ്യമായി മഹാരാഷ്ട്രയിലെ കോലാപൂരിലെത്തുകയും അവിടെ നിന്നും ഇതേ ട്രാവൽ ഏജൻസിയുടെ ബസ് സർവീസ് വഴി ബെംഗളൂരുവിലേക്ക് ടിക്കറ്റെടുക്കുകയുമായിരുന്നു. ടിക്കറ്റിനൊപ്പം ഏജൻസി വ്യാജ ആർ.ടി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ട്രാവൽ ഏജൻസി നൽകി. ബെളഗാവിലെത്തിയപ്പോൾ പോലീസ് ബസ് പിടിച്ചെടുക്കുകയും മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ നിരവധി വ്യാജ സർട്ടിഫിക്കറ്റ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാജ സർട്ടിഫിക്കറ്റുകളുമായി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക സർക്കാർ അതിർത്തികളിലെ പോലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിരുന്നു.