തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യാപനത്തോത് 16 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയെ സംബന്ധിച്ച് കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും വീണ ജോര്‍ജ് പ്രതികരിച്ചു. ഏഴ് ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് ആന്റിജന്‍ പരിശോധന മതിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ വാക്‌സിനേഷന്‍ 71 ശതമാനം ആയി. ബൂസ്റ്റര്‍ ഡോസ് 42 ശതമാനമായി. 5,90,823 പേരാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് എടുത്തതെന്നും അവര്‍ പറഞ്ഞു. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 103 കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് ധനസഹായം അനുവദിച്ചു. 3.9 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 143 അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് ആകെ ലഭിച്ചത്. ഈ കുട്ടികള്‍ക്ക് 18 വയസ് ആകുന്നതുവരെ 2000 രൂപ വീതം അവരുടെ അക്കൗണ്ടുകളില്‍ മാസത്തില്‍ നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി