ബെംഗളൂരു: ഐടി കമ്പനിയായ ഐബിഎമ്മിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ കേസിൽ പുണെ സ്വദേശി അറസ്റ്റിൽ, സഞ്ജീവ് ഗംഗാറാം ബുർകെ (34) ആണ് പിടിയിലായത്. 3 പേരിൽ നിന്ന് 1.5 ലക്ഷം രൂപ കൈപ്പറ്റിയ ഇയാൾ എച്ച്ആർ മാനേജറുടെ പേരും ഒപ്പും ഉൾപ്പെടെയുള്ള ലെറ്റർഹെഡിലാണ് നിയമന ഉത്തരവ് കൈമാറിയത്. ജോലിയിൽ പ്രവേശിക്കാൻ നിയമന ഉത്തരവുമായി ഉദ്യോഗാർഥികൾ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് ഐബിഎം പൊലീസിൽ പരാതി നൽകിയിരുന്നു.
സജീവ് ഗംഗാറാമിൽ നിന്ന് 40 വ്യാജ നിയമന ഉത്തരവുകൾ കണ്ടെത്തിയതായി ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡപ്യൂട്ടി കമ്മിഷണർ അനൂപ് ഷെട്ടി പറഞ്ഞു. പ്രമുഖ കമ്പനികളുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ തൊഴിൽ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.ബികോം ബിരുദദാരിയായ ഇയാൾ ഐബിഎമ്മിന് വേണ്ടി കരാർ ജോലികൾ ചെയ്തിരുന്ന ബിപിഒ കമ്പനിയുടെ കോൾ സെന്ററിൽ 5 വർഷം ജോലി ചെയ്തിട്ടുണ്ട്. ഇയാൾ ആരംഭിച്ച ഈസ്റ്റ് റിക്രൂട്ട് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ പേരിൽ 8 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്.