ബെംഗളൂരു : കഴിഞ്ഞ ഓഗസ്റ്റിൽ തുറന്ന കൊങ്കേരി മെട്രോ സ്റ്റേഷനിൽ നിന്ന് ബസ് ടെർമിനലിലെത്താൻ, തിരക്കേറിയ മൈസൂരു റോഡിനു കുറുകെ കടക്കുക ഏറെ അപകടകരം.പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ച് പോയ കാൽനടമേൽപാലത്തിന്റെ പണി പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. മൈസൂരു റോഡ് – കൊങ്കേരി മെട്രോ പാതയിൽ വിശാലമായ പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കെങ്കേരി ബസ് ടെർമിനലിലാണ് ഒരുക്കിയിരിക്കുന്നത്. മൈസൂരു റോഡിനെയും ബസ് ടെർമിനലിനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കാൽനട മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചിരുന്നെങ്കിലും കരാറുകാരൻ പാതിവഴിയിൽ ഇട്ടുപോയതോടെ തുടർ പ്രവൃത്തികൾ നിലച്ചു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ കൊങ്കേരി മെട്രോ സ്റ്റേഷനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ബസിറങ്ങി നേരെ മെട്രോ പിടിക്കാമെന്നതാണു കെങ്കേരി സ്റ്റേഷനെ കൂടുതൽ സൗകര്യപ്രദമാക്കുന്നത്.
നിർമാണം നിലച്ചത് 7 മേൽപാലങ്ങളുടെ
മെട്രോ യാത്രക്കാർക്കായി ബിഎംആർസി നിർമിക്കുന്ന 7 ഇടങ്ങളിലെ മേൽപ്പാലളുടെയും നിർമാണം നിലച്ചതോടെ പുതിയ ടെൻഡർ വിളിക്കാനൊരുങ്ങി ബിഎംആർസി. നിർമാണത്തിനുള്ള ഇരുമ്പിന്റെ വില ഉയർന്നതോടെയാണു കരാറുറുകാരൻ പാലം നിർമാണത്തിൽനിന്ന് പിൻവാങ്ങിയതെന്നാണ് ബിഎംആർസിഎൽ നൽകുന്ന വിശദീകരണം.
യശ്വന്ത്പുര, നാഗസാന്ദ്ര, ദാസറഹള്ളി,മൈലസന്ദ്ര, ജ്ഞാനഭാരതി, ബനശങ്കരി എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ നിർമിക്കുന്നത്. യശ്വന്ത്പുരയിൽ റെയിൽവേ സ്റ്റേഷനെ ബന്ധിപ്പിച്ചും മറ്റിടങ്ങളിൽ തിരക്കേറിയ ദേശീയപാതയ്ക്ക് കുറുകെയുമാണ് മേൽപാലങ്ങൾ നിർമിക്കുന്നത്. തുമക്കൂരു റോഡിൽ സ്ഥിതി ചെയ്യുന്ന നാഗസന്ദ, ദാസറഹള്ളി സ്റ്റേഷനുകൾ തുറന്ന് 4 വർഷം കഴിഞ്ഞിട്ടാണ് മേൽ പാലത്തിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചത്. ബനശങ്കരി മെട്രോ സ്റ്റേഷനെയും ബസ് ടെർമിനലിനെയും ബന്ധിപ്പിച്ചുള്ള മേൽപാലത്തിനാണ് അവസാനം അനുമതി ലഭിച്ചത്.