നവജാത ശിശുക്കളെ (Newborns) സംബന്ധിച്ചടത്തോളം അവരുടെ ഒരേയൊരു ഭക്ഷണമാണ് മുലപ്പാല്‍ (Breastmilk). എന്നാല്‍ ചില അമ്മമാര്‍ മുലപ്പാല്‍ നല്‍കാന്‍ സാധിക്കാതെ വരുമ്ബോള്‍, കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാലോ മറ്റ് കൃത്രിമ പാല്‍ പൗഡറുകളോ കലക്കി നല്‍കുകയാണ് പതിവ്.ഇത്തരം സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുന്ന, മുലയൂട്ടുന്ന അമ്മമാരെ സഹായിക്കാനായി മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ ‘മുലപ്പാല്‍ ബാങ്ക്’ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നിലവില്‍ 80ലധികം മുലപ്പാല്‍ ബാങ്കുകളുണ്ട്.
ജബല്‍പൂരിലെ റാണി ദുര്‍ഗാവതി വനിതാ ആശുപത്രിയിലാണ് മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാന്‍ പോകുന്നത്. ആറു മാസത്തിനകം മുലപ്പാല്‍ ബാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രദേശത്തെ മുലയൂട്ടുന്ന അമ്മമാരുടെ പാല്‍ ഇവിടെ സംഭരിക്കും. ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാത്ത അമ്മമാര്‍ക്ക് മുലപ്പാല്‍ ബാങ്കില്‍ നിന്നുള്ള പാല്‍ ഉപയോഗിക്കാം.
”മുലയൂട്ടുന്ന ചില സ്ത്രീകള്‍ക്ക് അളവില്‍ക്കൂടുതല്‍ പാലുണ്ടാവും. ഇത് അവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. പലപ്പോഴും അധികമായി വരുന്ന പാല്‍ പിഴിഞ്ഞ് കളയുകയാണ് പതിവ്. മറുവശത്ത്, കുട്ടികള്‍ക്ക് മതിയായ അളവില്‍ മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത ചില അമ്മമാരുമുണ്ട്. ഈ സാഹചര്യത്തിലാണ് റാണി ദുര്‍ഗാവതി ആശുപത്രിയില്‍ മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്”, ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോ.സഞ്ജയ് മിശ്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ വിപണിയില്‍ ലഭ്യമായ പശുവിന്‍ പാലോ, പൊടിപ്പാലോ പോലുള്ള ബദല്‍ മാര്‍ഗങ്ങളിലൂടെ ഒരു സ്പൂണ്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ പാല്‍ കുപ്പികള്‍ ഉപയോഗിച്ചോ ഒക്കെയാവും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുക. പശുവിന്‍ പാലും പാല്‍പ്പൊടിയുമൊന്നും നവജാത ശിശുവിന്റെ ശരിയായ വളര്‍ച്ചയ്ക്ക് സഹായിക്കില്ല. അതുകൊണ്ടാണ് എല്ലാ കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം മുലപ്പാല്‍ ബാങ്കുകള്‍ സ്ഥാപിച്ചു വരുന്നത്.
”ഇവിടെ സ്ത്രീകളില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കുകയും അത് പാസ്ചറൈസ് ചെയ്ത് സംഭരിക്കുകയും ചെയ്യും. മുലപ്പാല്‍ കുറഞ്ഞ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ഈ പാല്‍ ലഭ്യമാക്കും”, ഡോ സഞ്ജയ് മിശ്ര കൂട്ടിച്ചേര്‍ത്തിരുന്നു. ആശുപത്രിയിലെ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, പ്രദേശത്തെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കുമായി മുലപ്പാല്‍ ബാങ്ക് സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദാനം ചെയ്യുന്ന പാല്‍ കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുക.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, മുലയൂട്ടുന്ന ഏതൊരു സ്ത്രീക്കും ശരിയായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം പാല്‍ ദാനം ചെയ്യാവുന്നതാണ്. എന്നാല്‍ അത് പൂര്‍ണ്ണമായും സ്വമേധയാ നല്‍കുന്നതായിരിക്കണം. മുലപ്പാല്‍ ദാനം ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് പണം നല്‍കില്ല.