ബെംഗളൂരു വേഗ നിയന്ത്രണ സംവിധാനങ്ങളില്ലാതെ, അപകടങ്ങൾ ഒഴിയാതെ നൈസ് റോഡ്. വെള്ളിയാഴ്ച രാത്രി കാറിന് പിന്നിൽ ലോറിയിടിച്ച് 4 മലയാളികൾ മരിച്ച അപകടത്തിനിടയാക്കിയതും വാഹനങ്ങളുടെ അമിതവേഗമാണ്. നിയന്ത്രണം വിട്ട ലോറി മുന്നിൽ പോയ കാറിലിടിക്കുകയും കാർ മറ്റു 4 വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽപെട്ട് വാഹനങ്ങൾ മാറ്റി 3 മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 6 വരി കോൺക്രീറ്റ് റോഡിൽ വേഗം നിയന്ത്രിക്കാൻ സ്പീഡ് ബക്കറുകളോ റാമ്പുകളോ ഇല്ല. തെരുവ് വിളക്കുകളും സിസിടിവിയും ഇല്ലാത്ത റോഡിൽ രാത്രിയിലാണ് അപകടങ്ങളിലേറെയും സംഭവിക്കുന്നത്.
ഇരുചക്രവാഹനയാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പോലും പലപ്പോഴും പൊലീസിന് കഴിയാറില്ല. കാൽനടയാത്രക്കാർക്ക് പ്രവേശനമില്ലാത്ത റോഡിൽ ഇത് തടയാൻ വേണ്ടി ഇരുവശങ്ങളിലും മതിലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത് തകർന്നിട്ടുണ്ട്. ഇതിലൂടെ ആളുകൾ അനധികൃതമായി റോഡ് മുറിച്ച് കടക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. റോഡിനിരുവശമുള്ള ബാരിക്കേഡുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് നൈസ് റോഡ് അധികൃതർക്ക് പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തുടർ നടപടികൾ ഉണ്ടായില്ല. കനക്പുര വനമേഖലയോട് ചേർന്ന് കിടക്കുന്ന നൈസ് റോഡിൽ രാത്രിയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതും പതിവാണ്.
40 കിലോമീറ്റർ റോഡ്
നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് റോഡ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള 40 കിലോമീറ്റർ വരുന്ന റോഡ് 1996ലാണ് ഉദ്ഘാടനം ചെയ്തത്. ഹൊസൂർ റോഡ്, ബെന്നാർഘട്ടെ റോഡ്, കനക്പുര റോഡ്, തുമക്കൂരു റോഡ്, മൈസൂരു റോഡ്, മാഗഡി റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന നൈസ് റോഡിൽ ഉയർന്ന ടോൾ നിരക്കാണ് ഈടാക്കുന്നത്. ഗതാഗത കുരുക്കിൽ പെടാതെ നഗരത്തിന്റെ 4 വശങ്ങളിലേക്കും വേഗത്തിൽ എത്താൻ സാധിക്കുന്നതിനാൽ ചരക്കുലോറികൾ ഉൾപ്പെടെ നൈസ് റോഡിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്.