മസ്കത്ത്: തണുപ്പുകാല അവധിക്കുശേഷം ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നു. തലസ്ഥാനനഗരിയിലെ പല സ്കൂളുകളും വര്‍ഷാരംഭത്തോടെ തന്നെ തുറന്നുകഴിഞ്ഞു
ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത്, ദാര്‍സൈത്ത്, മാബേല, സീബ്, ബോഷര്‍ എന്നിവയാണ് തുറന്നുപ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ സ്കൂള്‍ അല്ഗുബ്റ, വാദീകബീര്‍ എന്നിവ തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. ഈ രണ്ടു സ്കൂളുകളും അടുത്ത ആഴ്ചയിലാണ് തുറക്കുക. പല സ്കൂളുകളും വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു നീങ്ങി. കുട്ടികള്‍ക്ക് വാക്സിനേഷന് പൂര്‍ത്തിയായില്ല എന്ന കാരണം പറഞ്ഞാണ് സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു നീങ്ങുന്നത്. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു നീങ്ങുന്നതെന്നാണ് സ്കൂള്‍ സര്ക്കുലറുകളിലുള്ളത്. നിലവില്‍ മുതിര്‍ന്ന കുട്ടികള്‍ക്കാണ് പല സ്കൂളുകളിലും നേരിട്ടുള്ള ക്ലാസുകള്‍ നടക്കുന്നത്.
അതിനിടെ ഫീസ് വര്‍ധനയുമായി ചില സ്കൂളുകളും രംഗത്തുണ്ട്. വാദീ കബീര്‍ ഇന്ത്യന്‍ സ്കൂള്‍ ട്യൂഷന് ഫീസ് ഇനത്തില്‍ രണ്ട് റിയാല്‍ വര്‍ധിപ്പിച്ചു.
ഇത് ഒരു കുട്ടിക്ക് വര്‍ഷത്തില്‍ 24 റിയാലിന്റെ അധിക ചെലവാണ് ഉണ്ടാക്കുന്നത്. നിലവിലെ പ്രയാസകരമായ അവസ്ഥയില്‍ സ്കൂള്‍ അധികൃതര്‍ ഫീസ് വര്‍ധിപ്പിക്കുന്നത് രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഫീസ് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്കൂള്‍ തുറക്കുന്നതോടെ പ്രതിഷേധം ശക്തമാവുമെന്ന് കരുതുന്നു. കോവിഡ് പ്രതിസന്ധി കാരണം വ്യാപാര, വാണിജ്യ മേഖല അടക്കം എല്ലാ മേഖലയും വന്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഫീസ് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. നിലവിലെ ഫീസുപോലും അടക്കാന്‍ പ്രയാസപ്പെടുകയാണെന്നും ഫീസിളവാണ് നിലവിലെ സാഹചര്യത്തില്‍ ആവശ്യമെന്നും രക്ഷിതാക്കള്‍ പറയുന്നു.സാമ്ബത്തിക പ്രതിസന്ധി കാരണം കുട്ടികളെ നാട്ടില്‍ ചേര്‍ക്കേണ്ട അവസ്ഥയാണെന്നും പറയുന്നു. ഓണ്‍ലൈന്‍ ക്ലാസിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ സ്കൂള്‍ ഫീസുകള്‍ കുറക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഫീസ് വര്‍ധനയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കുട്ടികളെ സ്കൂളുകളില്‍നിന്ന് പിന്‍വലിക്കുമെന്നും നാട്ടിലെ സ്കൂളുകളില്‍ ചേര്‍ക്കുമെന്നും ചില രക്ഷിതാക്കള്‍ പറയുന്നു.
സാമ്ബത്തിക പ്രതിസന്ധി വര്‍ധിച്ചതോടെ നിരവധി രക്ഷിതാക്കള്‍ അടുത്ത അധ്യയനവര്‍ഷത്തോടെ കുട്ടികളെ നാട്ടിലയക്കാനും ആലോചിക്കുന്നുണ്ട്. ഏതായാലും നിലവിലെ സാമ്ബത്തിക പ്രതിസന്ധിയും കുട്ടികളുടെ കൊഴിഞ്ഞുപോക്കും ചില ഇന്ത്യന്‍ സ്കൂളുകളെ പ്രതികൂലമായി ബാധിക്കും. അടുത്ത ഏപ്രിലോടെ ഇതുസംബന്ധമായ ചിത്രം തെളിയും. ഒമാനില്‍ നിലവില്‍തന്നെ ചില ഇന്ത്യന്‍ സ്കൂളുകള്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.