മസ്കത്ത്: കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വിവിധ ഗവര്‍ണറേറ്റുകളില്‍ വിദേശികള്‍ക്ക് നല്‍കിത്തുടങ്ങി. മസ്കത്ത് ഗവര്‍ണറേറ്റില്‍ പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിലുള്ള ക്യാമ്ബില്‍ നൂറുകണക്കിന് ആളുകളാണ് മൂന്നാം ഡോസെടുക്കാന്‍ എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചതന്നെ ആളുകള്‍ ഇവിടേക്ക് വന്നിരുന്നു.
പിന്നീട് തിരക്ക് വര്‍ധിച്ച് റോഡിലേക്ക് വരി നീളുകയും ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായിരുന്നു മൂന്നാം ഡോസ്. മറ്റുള്ളവരെ അധികൃതര്‍ തിരിച്ചയച്ചു. തറാസൂദ് ആപ്പില്‍ വ്യാഴാഴ്ച വരെയുള്ള ബുക്കിങ് പൂര്‍ത്തിയായി. വിവിധ സ്ഥലങ്ങളില്‍ വിദേശികള്‍ക്ക് ബൂസ്റ്റര്‍ നല്‍കിത്തുടങ്ങിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ മൂന്നാംഡോസ് നല്‍കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെയില്ല.
നിലവില്‍ രാജ്യത്ത് തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലും ബുറൈമിയിലുമാണ് വിദേശികള്‍ക്ക് ഔദ്യോഗികമായി ബൂസ്റ്റര്‍ നല്‍കുന്നത്. തെക്കന്‍ ബാത്തിനയില്‍ ജനുവരി ആറുവരെ റുസ്താഖ് വിലായത്തിലെ സ്പോര്‍ട്സ് കോംപ്ലക്സിലാണ് വാക്സിന് നല്‍കുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 1.30 വരെ നടന്ന ക്യാമ്ബില്‍ നിരവധി പേരാണ് എത്തിയത്. ഒന്നും രണ്ടും ഡോസ് എടുക്കാത്തവര്‍ക്കും ഇവിടുന്ന് വാക്സിന് സ്വീകരിക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ തറാസൂദിലൂടെയോ മുന്‍കുട്ടി ബുക്ക് ചെയ്യണം.
കോവിഡ് കേസുകള്‍ വര്‍ധിക്കുകയും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടു ഡോസെടുത്ത് മൂന്നുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍. ലഭ്യമായ കണക്കു പ്രകാരം രാജ്യത്ത് ആകെ 95,277 പേരാണ് മൂന്നാമത് ഡോസ് വാക്സിനെടുത്തത്. വിദേശികളില്‍ 90 ശതമാനവും ആദ്യ ഡോസെടുത്തു. 83 ശതമാനം രണ്ടു ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരാണ്. സ്വദേശികളും വിദേശികളുമായി 2,30,000 പേര് ഇനിയും വാക്സിന് സ്വീകരിക്കാത്തവരായുണ്ട്