കണ്ണൂർ: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ കയറിയതിന് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച് കേരളാപോലീസ്. മാവേലി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരനെയാണ് കണ്ണൂരിൽ നിന്ന് എഎസ്ഐ ക്രൂരമായി മർദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്. സ്ലീപ്പർ കംപാർട്ട്മെന്റിൽ എത്തിയ പോലീസുകാർ യാത്രക്കാരോട് ടിക്കറ്റ് ചോദിക്കുകയായിരുന്നു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. തുടർന്ന് കൈയ്യിലുള്ള ടിക്കറ്റ് ബാഗിൽ നിന്ന് എടുത്ത് നൽകാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയായിരുന്നു. തല്ലി നിലത്തിട്ടെന്നും തുടർന്ന് മർദ്ദിച്ചെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഇതേ കംപാർട്ട്മെന്റിൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ എടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസിന്റെ ക്രൂരത വെളിപ്പെട്ടത്. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് പോലീസുകാരൻ അതിക്രമം കാണിച്ചത്. മർദ്ദനമേറ്റ യാത്രക്കാരനെ പിന്നീട് വടകരയിൽ പോലീസ് ഇറക്കിവിട്ടു. മർദ്ദനം ചോദ്യം ചെയ്തതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
അതേസമയം താൻ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് യാത്രക്കാരനെ മർദ്ദിച്ച എഎസ്ഐ പ്രമോദ് മാധ്യമങ്ങളോട് വിശദീകരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പ്രതികരിച്ചു. അതേസമയം, പ്രതിപക്ഷം ഉൾപ്പടെ പോലീസിന്റെ ക്രൂരതയ്ക്ക് എതിരെ ശക്തമായ വിർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് പോലീസ് അരാജകത്വം സൃഷ്ടിക്കാൻ ഇടയാക്കുന്നതെന്നാണ് പ്രധാന വിമർശനം.
‘കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടായിരിക്കുകയാണ്.’- ഷാഫി പറമ്പിൽ എംഎൽഎ വിമർശിച്ചു.കാക്കിയിട്ട ഈ ക്രിമിനലിനെതിരെ നടപടിയെടുക്കാൻ ഭരണാധികാരികൾക്ക് എത്ര മിനിറ്റ്/മണിക്കൂർ വേണം എന്ന് മാത്രമാണ് ചോദ്യം.-എന്നായിരുന്നു വിടി ബൽറാമിന്റെ പ്രതികരണം