
ഡല്‍ഹി: യുവതിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇരുപത്തിയൊന്നുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലായിരുന്നു സംഭവം. യുവതി ഒരു ജിമ്മിലാണ് ജോലി ചെയ്യുന്നത്. ജിം ഉടമയും, ഫാക്ടറി മുതലാളിയും മറ്റൊരാളും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ പെണ്‍കുട്ടിയെ തൊഴിലുടമ സുഹൃത്തിന്റെ ജിമ്മില്‍ ചില ജോലികള്‍ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്.
യുവതി തൊഴിലുടമ പറഞ്ഞ ജിമ്മിലെത്തിയപ്പോള്‍ മൂന്ന് പ്രതികളും അവിടെയുണ്ടായിരുന്നു. ഇരുപത്തിയൊന്നുകാരി സ്ഥാപനത്തിലേക്ക് കയറിയതോടെ ഇവര്‍ ജിം അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഇവര്‍ പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി വിശദമാക്കുന്നത്. കൂട്ട ബലാത്സംഗം, അനധികൃതമായ തടഞ്ഞുവയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതി നല്‍കിയതിന് പിന്നാലെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു.