ബംഗളുരു: ക്രിസ്മസ് ദിനത്തിൽ വിദ്യാർത്ഥികൾക്ക് മാംസം വിളമ്പിയതിനെ തുടർന്ന് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഇൽക്കൽ ടൗണിലെ സെന്റ് പോൾസ് സ്കൂൾ അടച്ചുപൂട്ടാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടു.ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ, സ്കൂൾ അധികാരികൾക്കയച്ച കത്തിൽ പറയുന്നു, “നിങ്ങൾ ആഘോഷവേളകളിൽ മാംസം വിളമ്പിയത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു , ഇത് വകുപ്പിനും പൊതുജനങ്ങൾക്കും നാണക്കേടുണ്ടാക്കി. അതിനാൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്കൂൾ തുറക്കാനാകില്ല.
എന്നാൽ ഈ കത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉത്തരവ് റദ്ദാക്കി. ജില്ലാ കമ്മീഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് ലോക്കൽ ഓഫീസർ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്നാണ് റിപ്പോർട്ട്.മാംസഹാരം വിളമ്പിയെന്ന കാരണത്താൽ ഒരു സ്കൂൾ അടച്ചുപൂട്ടാൻ കഴിയില്ല, അതുകൊണ്ട് ഉത്തരവ് റദാക്കിയതായി വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച പറഞ്ഞു.